
അഹ്മദാബാദ്: റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ടേബിളുകൾക്കിടയിലൂടെ കാർ ഇടിച്ചുകയറി എത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കേറ്റവർക്കോ റസ്റ്റോറന്റ് ഉടമയ്ക്കോ പരാതി ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ് പൊലീസ്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലാണ് സംഭവം.
പുലർച്ചെ ഒരു മണിയോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് ടേബിളുകളും ചുവരുകൾക്ക് പകരം പച്ച നിറത്തിലുള്ള തുണികളും കെട്ടിയ ഒരു റെസ്റ്റോറന്റിൽ ഏതാനും പേർ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. പിന്നീട് ഒരു കാർ തുടർച്ചയായി ഹോൺ മുഴക്കുന്നത് കേൾക്കുന്നു. പിന്നാലെ തുണികൾക്കപ്പുറത്ത് കാറിന്റെ ഹെഡ്‍ലൈറ്റുകൾ തെളിഞ്ഞുകാണുന്നു. സെക്കന്റുകൾക്കകം കാർ റസ്റ്റോറന്റിനുള്ളിലേക്ക് ഇടിച്ചുകയറി വരുന്നതാണ് വീഡിയോയിലുള്ളത്.
കാറിന് അഭിമുഖമായി ഇരുന്ന് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരാൾ വാഹനം പാഞ്ഞുവരുന്നത് കണ്ട് അവസാന നിമിഷം ഓടി രക്ഷപ്പെട്ടു. എന്നാൽ തൊട്ടടുത്തിരുന്ന രണ്ട് പേർക്ക് അതിന് സാധിച്ചില്ല. ഇവരെയും ഇടിച്ചിട്ട് കാർ പിന്നെയും മുന്നോട്ട് നീങ്ങുന്നതും കാണാം. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കുണ്ടെന്നും എന്നാൽ ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.
ആവശ്യമായ ഔദ്യോഗിക അനുമതികളൊന്നുമില്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്നതിനാലാണ് റസ്റ്റോറന്റ് ഉടമകൾ പരാതി നൽകാത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവർക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അവരും പരാതിപ്പെടാൻ തയ്യാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം