
ദില്ലി: ദില്ലിയിലെ അക്രമത്തിൽ കലാപകാരികൾ വലിയ തോക്കുകൾ ഉപയോഗിച്ച് വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. ചാന്ദ് ബാഗിലെ മോഹൻ നേഴ്സിംഗ് ഹോമിന് മുകളിൽ തടിച്ചുകൂടിയ അക്രമികളാണ് വെടിയുതിര്‍ക്കുന്നത്. ഒരാൾ വെടിയേറ്റ് വീണതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ദില്ലിയിലെ കലാപം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കലാപത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത് ചാന്ദ്ബാഗിലാണ്. ചാന്ദ്ബാഗിലെ സമരപന്തൽ അക്രമത്തിൽ കത്തിയിരുന്നു. സമരപന്തലിന് അരികിലുള്ള മോഹൻ നേഴ്സിംഗ് ഹോമിൽ നിന്ന് വലിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നു. അക്രമികളിൽ ചിലർ ഹെൽമറ്റ് ധരിക്കുകയും മുഖം മറക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പകര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യംവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
കലാപത്തിൽ 30 ശതമാനം പേരും മരിച്ചത് വെടിയേറ്റാണ്. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 82 പേരാണ്. കൈത്തോക്കുകൾ മാത്രമല്ല, വലിയ തോക്കുകൾ കലാപത്തിന് ഉപയോഗിച്ചു എന്നതിന്‍റെ തെളിവുകൾ കൂടിയാണ് ഇത്. കെട്ടിടത്തിന് മുകളിൽ നിന്ന് പെട്രോൾ ബോംബുകളും കുപ്പികളുമൊക്കെ വലിച്ചെറിയുന്നുണ്ട്. ഫെബ്രുവരി 24ന് ചാന്ദ്ബാഗിൽ നടന്ന സംഭവങ്ങളാണ് ഇതെല്ലാം. കൃത്യമായ ആസൂത്രണം കലാപത്തിന് പിന്നിലുണ്ടെന്ന സൂചനകൾ കൂടി ഇത് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam