ആത്മഹത്യയും മരണങ്ങളും; രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന ആവശ്യമുയരുന്നു

By Web TeamFirst Published Apr 6, 2019, 5:34 PM IST
Highlights

ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി. ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചത്. ഒട്ടേറെ പേരാണ് ഇപ്പോള്‍ പബ്ജി ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത്.

ദില്ലി: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം കൂടുതല്‍ ചര്‍ച്ചയാകുന്നതിനിടെ ഈ ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പബ്ജി നിരോധിക്കണോയെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്.

ഹൈദരാബാദിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. നേരത്തെ, കഴിഞ്ഞ ഫെബ്രുവരിയില്‍ പബ്ജി കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്ന ഇരുവരെയും ഹൈദരാബാദ് അജ്മീര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

അശ്രദ്ധമായി പബ്ജി കളിച്ച് അപകടത്തില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചിരുന്നു. ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി.

ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചത്. ഒട്ടേറെ പേരാണ് ഇപ്പോള്‍ പബ്ജി ഗെയിം കളിച്ച് കൊണ്ടിരിക്കുന്നത്. രാജ്യവ്യാപകമായി ഈ ഗെയിം നിരോധിച്ചില്ലെങ്കിലും ഇനിയും മരണവാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുമെന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നവരുടെ വാദം.

click me!