പത്ത് വർഷം മുമ്പ് പിടിയിലായ യുവാവ് രണ്ട് കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയെങ്കിലും എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
ഭോപ്പാൽ: വ്യാജ പാസ്പോർട്ട് കേസിൽ ഒരു ദശാബ്ദം മുമ്പ് അറസ്റ്റിലായ യുവാവിന്റെ പൗരത്വം സംബന്ധിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ അസമിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവ്. ഭോപ്പാലിലെ ഗ്വാളിയോർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. 2014 സെപ്റ്റംബറിൽ ഗ്വാളിയോർ പൊലീസ് അറസ്റ്റ് ചെയ്ത അഹ്മദ് അൽ മക്കി എന്നായാളുടെ കേസിലാണ് വിധി.
പത്ത് വർഷമായിട്ടും ഇയാളുടെ പൗരത്വം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. സൗദി അറേബ്യയും ബംഗ്ലാദേശും രേഖകളുടെ അഭാവത്തിൽ ഇയാളെ ഏറ്റെടുക്കാനും തയ്യാറായില്ല. ഡൽഹിയിലെ സൗദി എംബസിയും ബംഗ്ലാദേശ് ഹൈക്കമ്മീഷനും വഴിയാണ് ഈ രാജ്യങ്ങളിലെ സർക്കാറുകളുമായി ബന്ധപ്പെട്ടത്. അതേസമയം ഇത്തരം കേസുകളിൽ വ്യക്തമായ മാർഗനിർദേശം ഇല്ലാത്തതിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു.
2014 സെപ്റ്റംബർ 21നാണ് അഹ്മദ് അൽ മക്കി പിടിയിലായത്. പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും കൈവശമില്ലാത്തതിനാൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ആദ്യം റിമാൻഡിലാവുകയും പിന്നീട് 2015 ഓഗസ്റ്റിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ശിക്ഷാ കാലാവധി 2017 സെപ്റ്റംബറിൽ പൂർത്തിയായി ഗ്വാളിയോർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും പൗരത്വം സംബന്ധിച്ച രേഖകളൊന്നുമില്ലാത്തതിനാൽ ഇയാളെ പിടികൂടിയ പദവ് പൊലീസ് സ്റ്റേഷനെ താത്കാലിക തടങ്കൽ കേന്ദ്രമാക്കി പ്രഖ്യാപിച്ച് അവിടെ പാർപ്പിക്കുകയായിരുന്നു.
എന്നാൽ ഒൻപത് മാസങ്ങൾക്ക് ശേഷം ഇവിടെ നിന്ന് ഇയാൾ ചാടിപ്പോയി. അന്വേഷണത്തിൽ പത്ത് ദിവസത്തിനകം ഹൈദരാബാദ് നിന്ന് വീണ്ടും പിടിയിലാവുകയും ചെയ്തു. പിന്നെ ഗ്വാളിയോർ സെൻട്രൽ ജയിലിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് കേസുകളിലെയും ജയിൽ ശിക്ഷകൾ പൂർത്തിയായിട്ടും ഇയാളെ എവിടേക്കും മടക്കി അയക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.
ഇയാളുടെ മാതാപിതാക്കൾ സൗദി അറേബ്യയിലാണെങ്കിലും അവർ അവിടെ അഭയാർത്ഥികളാണ്. കൈയിൽ നിന്ന് കിട്ടിയ ബംഗ്ലാദേശി പാസ്പോർട്ട് വ്യാജമാണെന്ന് ബംഗ്ലാദേശ് അധികൃതരും അറിയിച്ചു. ഇതോടെ രണ്ട് രാജ്യങ്ങളും അവിടേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്നെ ജയിലിൽ നിന്ന് ഏതെങ്കിലും തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് അഭിഭാഷകൻ മുഖേനെ ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ച് ഇയാളെ അസമിലെ വലിയ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം