'ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി'; ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ വിധിക്കെതിരെ ഹര്‍ജി

By Web TeamFirst Published Aug 3, 2021, 11:53 AM IST
Highlights

മൈനോററ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 

ദില്ലി: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് വിവാദത്തിൽ ആദ്യ കേസ് സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്വകാര്യ മുസ്ളീം ട്രസ്റ്റും കേരള കൗണ്‍സിൽ ഓഫ് ചര്‍ച്ചസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ളീം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യൻ പ്ളാനിംഗ് ആന്‍റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് സുപ്രീംകോടതിയിൽ ആദ്യ ഹര്‍ജി നൽകിയത്. 

സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികൾക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയിൽ പറയുന്നു. കേസിൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സിൽ ഓഫ് ചര്‍ച്ചസ് തടസ്സ ഹര്‍ജി നൽകി. ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കണം എന്നതായിരുന്നു കേരള ഹൈക്കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തിൽ 51:49 അനുപാദത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ തീരുമാനിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. 

ഇതിനെതിരെയുള്ള രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു. അതിനെതിരെ സര്‍ക്കാരും സുപ്രീംകോടതിയിൽ ഉടൻ ഹര്‍ജി നൽകും. ദേശീയതലത്തിലെ വലിയ നിയമപോരാട്ടമായി ഈ കേസ് മാറാനും സാധ്യതയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!