കൊച്ചി/ തിരുവനന്തപുരം: ഇന്ധനവില എണ്ണക്കമ്പനികൾ ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്തായി. 98.45 പൈസ. ഫലത്തിൽ 99 രൂപ തന്നെ. ഡീസലിന് വില 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തിൽ പ്രീമിയം പെട്രോൾ വില 100-ലെത്തിയിട്ടുണ്ട്. സാധാരണ പെട്രോൾ വില നൂറിനടുത്ത് എത്തി നിൽക്കുന്നു.
കൊവിഡ് മഹാമാരിക്കാലത്ത് ജനത്തിന്‍റെ നട്ടെല്ലൊടിക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെന്നറിയാം, പക്ഷേ എന്തുചെയ്യാൻ, വാക്സീൻ വാങ്ങാൻ കോടിക്കണക്കിന് രൂപ ചെലവാക്കുകയാണ് സർക്കാർ എന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
സർക്കാരിന് ഇന്ധനവില കൂടുന്നത് കൊണ്ട് ഒരു ഭീഷണിയുമില്ലെന്നാണ് ധർമേന്ദ്രപ്രധാൻ പറയുന്നത്. ജനക്ഷേമപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പണം നീക്കിവയ്ക്കുന്നുണ്ട്. ''നിലവിലെ കൂടിയ ഇന്ധനവില ജനങ്ങൾക്ക് പ്രശ്നമാണെന്നറിയാം, പക്ഷേ, കേന്ദ്ര/ സംസ്ഥാനസർക്കാരുകൾ 35,000 കോടി രൂപയാണല്ലോ വാക്സീനുകൾ വാങ്ങാനായി എല്ലാ വർഷവും നീക്കി വയ്ക്കുന്നത്. ഈ പ്രതിസന്ധികാലത്ത് ജനക്ഷേമപ്രവർത്തനങ്ങൾക്കായി പണം മാറ്റി വയ്ക്കുകയാണ് കേന്ദ്രസർക്കാർ'', ധർമേന്ദ്രപ്രധാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൂടിയ ഇന്ധനവിലയിൽ ഇത്രയ്ക്ക് പ്രതിഷേധമുണ്ടെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സഖ്യകക്ഷികളായി ഭരിക്കുന്ന മഹാരാഷ്ട്രയിലും നികുതി കുറയ്ക്കാൻ ഇടപെടാത്തതെന്ത് എന്നും പ്രധാൻ പരിഹസിച്ചു.
മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുമ്പ് 18 ദിവസം എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ പിന്നീടങ്ങോട്ട്, ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടി. 42 ദിവസത്തിനിടെ 24 തവണ.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥിതിയിൽ ഇന്ധനവില വർദ്ധനവിന്മേലുള്ള അധിക നികുതി വേണ്ടെന്ന് വെക്കാനാകില്ലെനന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന നികുതി കൂട്ടിയിട്ടില്ല. കുറയ്ക്കാൻ നിവൃത്തിയില്ല. അടിക്കടി എണ്ണക്കമ്പനികൾക്ക് തോന്നിയ പോലെ വില കൂട്ടാൻ അനുമതി നൽകിയത് കേന്ദ്രസർക്കാരെന്നും കെ എൻ ബാലഗോപാൽ പ്രതിപക്ഷനോട്ടീസിന് മറുപടിയായി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam