
ദില്ലി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഇത് ലജ്ജാകരമാണെന്നാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. എന്‍ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍, പിഎഫ്ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്ന് ആരോപണം ഉന്നയിച്ചാണ് ബിജെപി നേതാവ് വിമര്‍ശിക്കുന്നത്.
അതേസമയം, കപില്‍ മിശ്രയുടെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം ഇടവേളയുണ്ടെന്ന് കോണ്‍ഗ്രസിന്‍റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. കഴിഞ്ഞയാഴ്ച ഇത് സെപ്റ്റംബര്‍ 15ന് ആയിരുന്നു. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുസ്ലീംപള്ളിയില്‍ സന്ദര്‍ശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളും പവന്‍ ഉന്നയിച്ചു. പിഎഫ്ഐയോട് മാപ്പ് ചോദിക്കാന്‍ മോഹൻ ഭഗവത് ഒരു പദയാത്ര തുടങ്ങാന്‍ പോവുകയാണോയെന്ന് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പല ജില്ലകളിലും അക്രമസംഭവങ്ങളുണ്ടായി. ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു.
ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam