
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെക്ക് എതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത് (Dynasty, Money, Katta) എന്നിങ്ങനെ പുതിയ നിർവ്വചനവും അദ്ദേഹം ഡിഎംകെക്ക് നൽകി. ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെന്നും വികസനത്തിൽ പാർട്ടിക്ക് യാതൊരു താല്പര്യവുമില്ലെന്നും നദ്ദ വിമർശിച്ചു.
"ഡിഎംകെയുടെ ആശയമാണ് പ്രശ്നം. അത് കുടുംബവാഴ്ചയുടേതാണ്. കുടുംബമാണ് പ്രകടനം നടത്തുന്നത്. കുടുംബവാഴ്ചയിലൂടെ പണത്തട്ടിപ്പാണ് നടക്കുന്നത്. കുടുംബത്തിന് ലാഭമുണ്ടാക്കാനാണ് അവർ ഭരണം നടത്തുന്നത്. പൊലീസ് സ്റ്റേഷൻ മുതൽ എല്ലായിടത്തും കാട്ടാ പഞ്ചായത്താണ് നടപ്പാവുന്നത്". നദ്ദ ആരോപിച്ചു.
തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. രാജ്യത്തെ നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും. കുടുംബവാഴ്ചയിലാണ് ഉന്നം. ജനങ്ങൾ ഈ കുടുംബപാർട്ടിയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കണം. എം കെ സ്റ്റാലിനും ഡിഎംകെയും കാര്യമായ സംഭാവനകളൊന്നും സംസ്ഥാനത്തിന് ചെയ്യുന്നില്ല. എം കരുണാനിധി ആയിരുന്നു ആദ്യം. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സ്റ്റാലിൻ, ഇനി സ്റ്റാലിന്റെ മകൻ ഉദയനിധി വരാനിരിക്കുന്നു. പാർട്ടിയിലെ മറ്റുള്ളവരെല്ലാം കയ്യടിക്കാൻ ഉള്ളവരാണ് എന്നും നദ്ദ പരിഹസിച്ചു. സ്റ്റാലിനും പാർട്ടിക്കും വികസനത്തെക്കുറിച്ച് പറയാൻ കഴിയാത്തത് ഡിഎംകെ ആയതുകൊണ്ടാണ്. ഡിഎംകെ എന്നാൽ കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാപഞ്ചായത്ത് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി മാത്രമാണ് ഇന്ത്യയിലെ ഏക ദേശീയപാർട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ അത് തമിഴ്നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനും തമിഴ്നാടിന്റെ സംസ്കാരത്തിനും സാഹിത്യത്തിനും തമിഴ് ഭാഷയ്ക്കും മികവുറ്റ ഉന്നമനം സാധ്യമാക്കുന്നതിനും പ്രയത്നിക്കും. അതേസമയം, ഡിഎംകെ പരത്തുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് എന്നും ജെപി നദ്ദ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam