'മടങ്ങിവരും, പ്രതികാരം ചെയ്യും', വീണ്ടും പിഎഫ്ഐ ചുവരെഴുത്ത്; കേസെടുത്തു, 'പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ'

By Web TeamFirst Published Oct 4, 2022, 3:53 PM IST
Highlights

റോഡിലും പൊതുഇടങ്ങളിലുമാണ് ഇത്തരത്തിൽ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

ബെംഗളൂരു: കഴിഞ്ഞ ആഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ വീണ്ടും രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പി എഫ് ഐയുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ആദ്യം ദക്ഷിണ കന്നഡയിലും പിന്നാലെ ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങിവരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് എഴുത്തുകളിൽ പറയുന്നത്. റോഡിലും പൊതുഇടങ്ങളിലുമാണ് ഇത്തരത്തിൽ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കർണാടക പൊലീസ് കേസ് എടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എഴുതിയത് പി എഫ് ഐ പ്രവർത്തകർ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിയിൽ എഴുതുതുന്നതിന്‍റെയടക്കം സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചെന്നും പൊലീസ് വിശദികരിച്ചു.

പോപുലർ ഫ്രണ്ട് ബന്ധം: എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ, ഹർത്താൽ അക്രമത്തിൽ 49 അറസ്റ്റ് കൂടി

അതേസമയം കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) വിവരങ്ങൾ ശേഖരിക്കുന്നതായാണ് വ്യക്തമാകുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻ ഐ എ പരിശോധിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചാൽ പി എഫ് ഐയുടെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും എന്നാണ് എൻ ഐ എയുടെ കണക്കുകൂട്ടലെന്നാണ് സൂചന.

അതേസമയം ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 49 പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇതോടെ ഹർത്താൽ ആക്രമണത്തിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്താകെ 358 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

click me!