
ദില്ലി: കൊവിഡ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ മൂന്നാമത്തെ ഡോസ് വാക്സിൻ കൂടി നൽകണമെന്ന് അമേരിക്കൻ മരുന്ന് കമ്പനികൾ. മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസര്‍, ബയോഎൻടെക് കമ്പനികൾ എഫ്.ഡി.എയെ സമീപിച്ചു. ഇതിനിടെ ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്ത്രജ്ഞ കോവാക്സിൻറെ മൂന്നാം ഘട്ട പരീക്ഷണ ഫലത്തിൽ സംതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നത തലയോഗത്തിൽ രാജ്യത്തെ ഓക്സിജൻ ലഭ്യത വിലയിരുത്തി.
ഡെൽറ്റ ലാംഡ ഉൾപ്പടെയുള്ള കൊവിഡ് വകഭേദങ്ങൾ ലോകത്ത് പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കയ്ക്കിടെയാണ് മരുന്ന് കമ്പനികളുടെ പുതിയ നീക്കം. വാക്സീൻറെ മൂന്നാം ഡോസിന് അനുമതി തേടി ഫൈസർ ബയോഎൻടെക്ക് എന്നീ കമ്പനികൾ അമേരിക്കയുടെ എഫ്ഡിഎ യെ സമീപിച്ചു. മൂന്നാം ഡോസിനറെ പരീക്ഷണങ്ങൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഡിൻറെ പുതിയ വകഭേദങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷ നൽകാൻ ബൂസ്റ്റർ ഡോസുകൾ കൊണ്ട് സാധിക്കുമെന്ന് കണ്ടെത്തിയതായി കമ്പനികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിൻറെ ശാസ്ത്രീയ തെളിവുകൾ പുറത്തു വരുന്നത് വരെ രണ്ട് ഡോസ് എന്ന നയത്തിൽ തുടരുമെന്നാണ് എഫ്ഡിഎ വ്യക്തമാക്കി.
ഇതിനിടെ ഭാരത് ബയോ ടെക്ക് പുറത്തിറക്കുന്ന കൊവാക്സീൻറെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ തൃപ്തികരമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭാരത് ബയോടെക്കിൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം 23ന് പ്രാഥമികമായി കേട്ടിരുന്നു. രാജ്യത്ത് ഇതുവരെ 36 കോടി 89 ലക്ഷത്തിലധികം ഡോസ് വാക്സീൻ വിതരണം ചെയ്തു. അതേസമയം കൊവിഡ് പ്രതിദിന കണക്കിൽ ഇന്നലത്തേതിനേക്കാൾ അഞ്ചു ശതമാനം കുറവ് സംഭവിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43393 പേർക്കാണ്. 911 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 2.42 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam