പെ​ഗാസസിൽ കൂടുതൽ വെളിപ്പെടുത്തൽ: ജസ്റ്റിസ് അരുൺ മിശ്രയുടെ ഫോണും ചോ‍ർത്തി

By Web TeamFirst Published Aug 4, 2021, 8:01 PM IST
Highlights

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന അരുൺ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളിൽ അരുൺ മിശ്ര വിചാരണ നടത്തുകയും

ദില്ലി: പെ​ഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ദി വയർ അടക്കമുള്ള മാധ്യമക്കൂട്ടായ്മ പുറത്തു വിട്ടു. സുപ്രീംകോടതി ജസ്റ്റിസായിരുന്ന അരുൺ മിശ്രയുടെ ഫോണും പെ​ഗാസസിലൂടെ ചോർത്തി. 2019-ൽ അരുൺ മിശ്ര ഉപയോ​ഗിച്ച ഫോണാണ് പെ​ഗാസസ് ചാരസോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്തിയത്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന അരുൺ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളിൽ അരുൺ മിശ്ര വിചാരണ നടത്തുകയും. വിവാദപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്തംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്. ഇതിനു മുൻപുള്ള കാലത്ത് ഇദ്ദേഹം ഉപയോ​ഗിച്ച നമ്പറാണ് ചോർത്തപ്പെട്ടത് എന്നാണ് വിവരം. 

ഇതു കൂടാതെ സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോർത്തിയെന്നാണ് ദ വയർ റിപ്പോർട്ട് ചെയ്യുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ കിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ ആയ ആൾജോ ജോസഫിൻ്റെ ഫോണും പെ​ഗാസസ് സ്പൈവേർ ഉപയോ​ഗിച്ച് ചോർത്തപ്പെട്ടിട്ടുണ്ട്. മലയാളി അഭിഭാഷകനാണ് ആൾജോ. മുൻ അറ്റോർണി ജനറൽ മുഗുൾ റോത്തഖിയുടെ ജൂനിയർ അഭിഭാഷകൻ തങ്കദുരെയുടെ ഫോണും ചോർത്തിയെന്നാണ് റിപ്പോർട്ട്.  

പെ​ഗാസസ് ഫോൺ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ നാളെ സുപ്രീംകോടതി പരി​ഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി ജസ്റ്റിൻ്റെ അടക്കം ഫോണുകൾ ചോർത്തപ്പെട്ടു എന്ന വാ‍ർത്ത പുറത്തു വരുന്നത്. ചീഫ് ജസ്റ്റിസ്  എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവർത്തകരും എഡിറ്റേഴ്സ് ​ഗിൽഡും നൽകിയ ഹർജികളിൽ വാദം കേൾക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!