ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ കാണുകയായിരുന്നോ?!!

By Web TeamFirst Published Jun 5, 2019, 11:31 AM IST
Highlights

അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ കാണുന്നു എന്ന തലക്കെട്ടോടെയാണ്‌ ചിത്രം വ്യാപകമായി പ്രചരിച്ചത്‌. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്‌.

ദില്ലി: പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ടെലിവിഷനില്‍ കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ കാണുന്നു എന്ന തലക്കെട്ടോടെയാണ്‌ ചിത്രം വ്യാപകമായി പ്രചരിച്ചത്‌. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്‌.

'ഇതാണ്‌ മോദിയുടെ ശക്തി, അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ കാണുകയാണ്‌' എന്ന തലക്കെട്ടോടെ മെയ്‌ 31ന്‌ സച്ചിന്‍ ജീന്വാള്‍ എന്ന പേരിലുള്ള ഫേസ്‌ബുക്ക്‌ അക്കൗണ്ടിലാണ്‌ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്‌. ഇത്‌ പിന്നീട്‌ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു.

ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക്‌ ടൈംസ്‌ ഫോട്ടോഗ്രാഫറായ ഡൗഗ്‌ മില്‍സ്‌ എടുത്തതാണ്‌. 2014 ജൂണ്‍ 26ന്‌ മില്‍സ്‌ ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. മിനാപൊളിസിലേക്കുള്ള യാത്രക്കിടെ എയര്‍ഫോഴ്‌സ്‌ വണ്‍ വിമാനത്തിലിരുന്ന്‌ അന്ന്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ അമേരിക്ക-ജര്‍മ്മനി ലോകകപ്പ്‌ മത്സരം കാണുന്ന ചിത്രമാണിത്‌.

 

President Obama watches the USA vs Germany World Cup game aboard Air Force One enroute to Minneapolis. pic.twitter.com/wfuJvb6hoI

— Doug Mills (@dougmillsnyt)

ഫുട്‌ബോള്‍ മത്സരത്തിന്‌ പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രം എഡിറ്റ്‌ ചെയ്‌ത്‌ ചേര്‍ത്താണ്‌ വ്യാജചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഹരിയാന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള മോദിയുടെ ചിത്രമാണ്‌ ഇതിനായി ഉപയോഗിച്ചിട്ടുള്ളത്‌.

click me!