മുംബൈയിൽ റോഡിൽ ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണിന്റെ ചിത്രം പതിപ്പിച്ചു, ചവിട്ടിനശിപ്പിച്ചു; ഉടൻ നീക്കംചെയ്ത് പൊലീസ്

By Web TeamFirst Published Oct 30, 2020, 5:49 PM IST
Highlights

മുംബൈയിലെ റാസ അക്കാദമി എന്ന സ്ഥാപനം ഫ്രഞ്ച് പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു.

മുംബൈ : പ്രവാചകന്റെ കാർട്ടൂൺ ക്‌ളാസ് മുറിയിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടന്ന അധ്യാപകന്റെ കൊലപാതകത്തിനും, അതിനെത്തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാമിനെപ്പറ്റി നടത്തിയ പരാമർശങ്ങൾക്കും പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ഫ്രാൻസ്/മാക്രോൺ വിരുദ്ധ പ്രകടനങ്ങളുടെ ഒറ്റപ്പെട്ട അനുരണനങ്ങൾ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരു ദൃശ്യം ഇന്ന് മുംബൈയിലും കാണാനായി. 

മുംബൈയിലെ നാഗ്പാഡാ, ഭേണ്ടി ബസാർ പ്രദേശങ്ങളിലെ ചില റോഡുകളിൽ മാക്രോണിന്റെ ചിത്രം റോഡിൽ പതിപ്പിച്ച് ഷൂസിട്ടു ചവിട്ടിമെതിച്ച നിലയിൽ കണ്ടെത്തി. ഈ ചിത്രങ്ങളെക്കുറിച്ച് വിവരം കിട്ടിയതിനു പിന്നാലെ, പോലീസെത്തി അവ നീക്കം ചെയ്യുകയും ചെയ്തു. 

ഈ സംഭവത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് ബിജെപി വക്താവ് സംഭിത് പാത്ര ട്വീറ്റ് ചെയ്തു. " മഹാരാഷ്ട്ര സർക്കാർ, നിങ്ങളുടെ ഭരണത്തിന് കീഴിൽ എന്താണ് മുംബൈയിൽ നടക്കുന്നത്?  ഇന്ത്യ ഫ്രാൻസിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന അവസരമാണിത്. ഫ്രാൻസിൽ അക്രമങ്ങൾ അരങ്ങേറുമ്പോൾ, ഭീകരവാദത്തിനെതിരെ പോരാടാൻ അവരുടെ കൂടെ നിൽക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ മുംബൈയുടെ നടുനിരത്തുകളിൽ ഇങ്ങനെ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിക്കുന്നത് ശരിയാണോ? " എന്നായിരുന്നു പാത്രയുടെ ട്വീറ്റ്. ചിത്രങ്ങൾ റോഡിൽ പതിപ്പിച്ചതിന്റെ ഒരു വീഡിയോയും പാത്ര ട്വീറ്റിൽ പങ്കിട്ടിരുന്നു.

 

महाराष्ट्र सरकार,
ये आपके सरकार के राज में क्या हो रहा है?
भारत आज France के साथ खड़ी है ..जो जिहाद फ़्रान्स में हो रहा है,उस आतंकवाद के ख़िलाफ़ हिंदुस्तान के PM ने फ़्रान्स के साथ मिल कर लड़ने की प्रतिज्ञा की है।
फिर मुंबई की सड़कों पर फ़्रान्स के राष्ट्राध्यक्ष का अपमान क्यों? pic.twitter.com/kb7PCCEY4S

— Sambit Patra (@sambitswaraj)

എന്നാൽ അതേ സമയം, മുംബൈയിലെ റാസ അക്കാദമി എന്ന സ്ഥാപനം ഫ്രഞ്ച് പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ചു കൊണ്ടും രംഗത്തുവന്നു. മാക്രോൺ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്ക് അദ്ദേഹം നിരുപാധികം മാപ്പുപറയേണ്ടതുണ്ട് എന്നും റാസ അക്കാദമി ആവശ്യപ്പെട്ടു.

click me!