ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കള്‍ക്ക് ജാതി സംവരണം നല്‍കരുത്; സുപ്രീം കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Feb 19, 2020, 7:42 PM IST
Highlights

പിന്നോക്ക വിഭാഗത്തിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങള്‍ക്ക് സംവരണം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 

ഭോപ്പാല്‍: ജനപ്രതിനിധികളുടയെും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങള്‍ക്ക് ജാതി സംവരണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. പട്ടിക ജാതിക്കാരനായ നിയമ വിദ്യാര്‍ത്ഥിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റങ്ങള്‍ക്ക് സംവരണം മൗലികാവകാശമല്ലെന്നും സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാമെന്നും വിധി വന്നതിന് തൊട്ടുപിന്നാലെയാണ് പിന്നോക്ക വിഭാഗത്തിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങള്‍ക്ക് സംവരണം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 

ഒന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ വിക്രം കുമാര്‍ ബഗാഡെയാണ് ഹര്‍ജി നല്‍കിയത്. ബിരുദം പൂര്‍ത്തിയാക്കിയ വിക്രം ജനറല്‍ കാറ്റഗറിയിലാണ് എല്‍എല്‍ബി പ്രവേശനം നേടിയത്. ക്ലാസ് നാല് സര്‍ക്കാറുദ്യോഗസ്ഥന്‍റെ മകനായതിനാല്‍ തനിക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജനുവരി 25നാണ് ബാഗഡെ ഹര്‍ജി നല്‍കിയത്. ഫെബ്രുവരി രണ്ടിനാണ് ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചത്. അടുത്ത മാസത്തോടെ ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. മധ്യപ്രദേശിലെ മാന്ദ്സൗര്‍ ജില്ലയിലെ രാജീവ് ഗാന്ധി ലോ കോളേജിലാണ് വിക്രം പഠിക്കുന്നത്. 

എസ്‍സി/എസ്‍ടി കാറ്റഗറിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പ്യൂണിന്‍റെ മകനായ എന്നെയും മന്ത്രിയുടെ മക്കളെയും ഉന്നത ഉദ്യോഗസ്ഥരുടെ മക്കളെയും ഒരുപോലെയാണ് പരിഗണിക്കുന്നത്. മികച്ച വിദ്യാഭ്യാസ സൗകര്യവും പരിശീലനവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബങ്ങള്‍ക്ക് ജാതി സംവരണം ഒഴിവാക്കണം. വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള ജാതി സംവരണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നത് വെറും 20 ശതമാനം മാത്രമാണെന്നും 80 ശതമാനം അര്‍ഹതയില്ലാത്തവര്‍ക്കാണ് ലഭിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയിലുള്ളവര്‍ തങ്ങളുടെ സംവരണം, എല്‍പിജി സബ്സിഡി ഉപേക്ഷിച്ച മാതൃകയില്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും വിദ്യാര്‍ത്ഥി പറയുന്നു. 
 

click me!