
മുംബൈ: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ജോലി ചെയ്യാകാനില്ലെന്ന് പൈലറ്റ് കട്ടായം പറഞ്ഞതോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ യാത്ര വൈകി. വെള്ളിയാഴ്ചയാണ് സംഭവം. ഉപമുഖ്യമന്ത്രിയുടെ ജൽഗാവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയാണ് ഒരു മണിക്കൂറോളം വൈകിയത്. ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ അദ്ദേഹത്തിന്റെ സ്വകാര്യ വിമാനത്തിന്റെ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മുക്തൈനഗറിലെ സന്ത് മുക്തൈയുടെ 'പാൽഖി യാത്ര'യിൽ (മതപരമായ ഘോഷയാത്ര) പങ്കെടുത്ത ജൽഗാവിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.45 ന് ജൽഗാവിൽ എത്തുമെന്ന് തീരുമാനിച്ചിരുന്ന ഉപമുഖ്യമന്ത്രി, സാങ്കേതിക കാരണങ്ങളാൽ ഏകദേശം രണ്ടര മണിക്കൂർ വൈകിയാണ് എത്തിയത്. അദ്ദേഹം റോഡ് മാർഗം മുക്തൈനഗറിലേക്ക് യാത്ര ചെയ്തു. മന്ത്രിമാരായ ഗിരീഷ് മഹാജനും ഗുലാബ്‌റാവു പാട്ടീലും മറ്റ് ചില ഭരണ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
പാൽഖി യാത്രയിൽ പങ്കെടുത്ത് സന്ത് മുക്തായ് ക്ഷേത്രം സന്ദർശിച്ച ശേഷം, ഷിൻഡെയും സംഘവും രാത്രി 9.15 ന് ജൽഗാവ് വിമാനത്താവളത്തിൽ തിരിച്ചെത്തി. എന്നാൽ, തന്റെ ജോലി സമയം അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ, പുതിയ അനുമതി തേടാൻ കുറച്ച് സമയമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, പൈലറ്റിന്റെ അനാരോഗ്യമാണ് വിമാനം പറന്നുയരാൻ വിസമ്മതിച്ചതിന് പിന്നിലെ കാരണമെന്ന് ഷിൻഡെയുടെ വൃത്തങ്ങൾ പറഞ്ഞു. മഹാജനും പാട്ടീലും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും പൈലറ്റിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെന്നും 45 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷം അദ്ദേഹത്തെ സമ്മതിപ്പിച്ചുവെന്നും അറിയിച്ചു. പുറപ്പെടാനുള്ള അനുമതി സംബന്ധിച്ച് മഹാജൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും തുടർന്ന് വിമാനം മുംബൈയിലേക്ക് പറന്നുയർന്നു.
മടക്ക വിമാനത്തിൽ, മുംബൈയിൽ വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിയിരുന്ന സ്ത്രീക്ക് യാത്രാ സൗകര്യമൊരുക്കി. ശീതൾ പാട്ടീൽ എന്ന സ്ത്രീ ഭർത്താവിനൊപ്പം മുംബൈയിലേക്ക് പോകേണ്ടതായിരുന്നുവെന്നും എന്നാൽ ദമ്പതികൾക്ക് അവരുടെ വിമാനം നഷ്ടമായെന്നും വൃത്തങ്ങൾ അറിയിച്ചു. സ്ത്രീയുടെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ, ഷിൻഡെ അവരെ കൂടെക്കൂട്ടി. മുംബൈ വിമാനത്താവളത്തിൽ ആംബുലൻസ് സർവീസുകളും സജ്ജമാക്കി.