
മീററ്റ്: രാത്രി വീടിന് പുറത്തെ പതിവില്ലാത്ത ബഹളം കേട്ടെത്തിയ ഗൃഹനാഥൻ കണ്ടത് പാമ്പുകളുടെ പ്രളയം. വീട്ടുമുറ്റത്ത് നൂറിലേറെ പാമ്പുകളെ ഒന്നിച്ച് കണ്ടതോടെ ഭയന്നുപോയ വീട്ടുകാരന്റെ നിലവിളി കേട്ടെത്തിയ അയൽവാസികൾ കൊന്ന് തള്ളിയത് അൻപതിലേറെ പാമ്പുകളെ. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇത്രയധികം പാമ്പുകൾ ഒരു പ്രദേശത്തേക്ക് ഒന്നിച്ച് എത്തിയതിന്റെ ഭീതിയിലാണ് മീററ്റിലെ സിമൗലി ഗ്രാമം.
കണ്ണിൽ കണ്ട സാധനങ്ങൾ വച്ച് നാട്ടുകാർ തല്ലിക്കൊന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട പാമ്പിനത്തേയാണ്. നാട്ടുകാർ പാമ്പുകളെ തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവ സ്ഥലം വനംവകുപ്പ് അധികൃത പരിശോധിച്ചത്. വനംവകുപ്പിനെ അറിയിക്കാതെയാണ് പാമ്പുകളെ വലിയ രീതിയിൽ കൊന്നൊടുക്കിയതെന്നാണ് ഡിഎംഒ രാജേഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് വിശദമാക്കിയത്. പാമ്പുകൾ സംരക്ഷിത ജീവികളായതിനാൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടും മുൻപ് വനംവകുപ്പിനെ അറിയിക്കണമെന്നുമാണ് ഡിഎഫ്ഒ വിശദമാക്കുന്നത്.
വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നാട്ടുകാർ ഓടിച്ചിട്ട് തല്ലിക്കൊന്നത് വിഷമില്ലാത്ത പാമ്പുകളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണഗതിയിൽ വെള്ളത്തിൽ കാണുന്ന ഇനം പാമ്പുകളാണ് കർഷകന്റെ വീട്ടുമുറ്റത്ത് എത്തിയത്. അഴുക്ക് ചാലുകളുടെ പരിസരങ്ങളിലും ഇവയെ സാധാരണമായി കാണാറുണ്ടെന്നാണ് ഡിഎഫ്ഒ വിശദമാക്കുന്നത്. വനംവകുപ്പ് സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരെ ചോദ്യം ചെയ്തതായും ഡിഎഫ്ഒ വിശദമാക്കി. വീടിന്റെ മുറത്തിട്ട കട്ടിലിന് സമീപത്തേക്ക് എത്തിയപ്പോഴാണ് ഗൃഹനാഥൻ പാമ്പുകളെ കണ്ടത്. ആദ്യം കണ്ട പാമ്പുകളെ ഇയാൾ കൊന്നിരുന്നു. എന്നാൽ പിന്നാലെ നിരവധി പാമ്പുകൾ വീട്ടുമുറ്റത്തേക്ക് എത്തിയതോടെയാണ് നാട്ടുകാർ വീട്ടുകാരന്റെ സഹായത്തിനെത്തിയത്.
മഹ്ഫൂസ് സെയ്ഫി എന്നയാളുടെ വീട്ടുപടിക്കലെ റാംപിന് അടിയിൽ നിന്നാണ് പാമ്പുകൾ കൂട്ടമായി വീട്ടുമുറ്റത്തേക്ക് എത്തിയത്. കൃത്യമായി എത്ര പാമ്പുകളെ കൊന്നുവെന്ന് പരിശോധിക്കുന്നുവെന്നാണ് വനംവകുപ്പ് വിശദമാക്കിയത്. പാമ്പുകളെ ജനവാസ മേഖലയിൽ കണ്ടെത്തിയാൽ വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ ആളുകളോട് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം