'ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാർ കുതന്ത്രം'; വിവാദ ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി

Published : Aug 20, 2025, 06:03 PM IST
pinarayi vijayan

Synopsis

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്.

തിരുവനന്തപുരം: ഏതെങ്കിലും കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ​ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറുകളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അവർ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിൻ്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർട്ടി മാറി ബിജെപിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാർമികതയുടെ പേരിലാണെന്നു കൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവെക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'