ദില്ലി :ഇന്ത്യ -അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കേ, റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ മൗനം പാലിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. യുഎസ് വ്യാപാര കരാർ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, പക്ഷേ ഇതിനായി റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് മൗനം പാലിക്കുകയായിരുന്നു. യുഎസിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരല്ലെന്നും പക്ഷേ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ അമേരിക്ക കരാർ പ്രകാരം, 50,000 കോടി ഡോളറിന്‍റെ (ഏകദേശം 45.28 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രസ്താവന. കരാറിൽ പ്രകടിപ്പിച്ചത് 'താല്പര്യം' എന്ന് സർക്കാർ വൃത്തങ്ങൾ. ഇത് വാങ്ങുമെന്ന് ഉറപ്പായി എഴുതി ചേർത്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വാദിക്കുന്നു.
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. ഇതിനൊപ്പം തന്നെ ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലെന്നും, പാർലമെന്‍റിൽ വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉന്നയിക്കാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകും. അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുമെന്നാണ് ഇന്ത്യ സഖ്യ നേതാക്കൾ അറിയിച്ചിട്ടുള്ളത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയൻസും നിറുത്തിയെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിറുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, താരിഫ് കുറയ്ക്കാനുള്ള ഉത്തരവിൽ രേഖപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. ഇന്ത്യ അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്‍റെ കരുത്തിന്‍റെ സൂചനയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ വിശേഷിപ്പിച്ചത്. എന്നാൽ കരാറിൽ അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പുതിയ കരാർ നൽകുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ഏപ്രിൽ മാസം മുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയവും, റിലയൻസ് കമ്പനിയും നിറുത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ എണ്ണ വാങ്ങുന്നതിനുള്ള കരാർ നേരത്തെ റഷ്യയ്ക്ക് നൽകിയിരുന്നു. എണ്ണകമ്പനികൾ റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam