
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് ഉന്നംനോക്കി വെടിവെച്ചതാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. യുപിയിൽ നടന്നുകൊണ്ടിരിക്കുന്നത് ഭീകര വാഴ്ചയാണ്. ചികിത്സകളോ മരിച്ചവർക്കു നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. എന്നാല്‍, ഇതുകൊണ്ടൊന്നും സമരത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലിയില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരോടും കക്ഷി രാഷ്ട്രീയം നോക്കാതെ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമോ എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കണം. ഇക്കര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. 22ന് കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രം കോടതിയിൽ സമർപ്പിക്കുന്ന സത്യവാംഗ്മൂലമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താനാണ് ഇന്ത്യയെന്ന് മോദി വിചാരിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഭരണഘടന ഉറപ്പുനൽകിയ അവകാശങ്ങൾ എടുത്തുകളഞ്ഞ ശേഷം മുസ്ലീങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മോദി വിലപിക്കുന്നു. ബിജെപി ഒഴികെയുള്ള പാർട്ടികളെല്ലാം പൗരത്വ നിയമ ഭേദഗതിക്ക് എതിരാണെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ 21 പേരാണ് ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടത്. പലരും വെടിയേറ്റാണ് മരിച്ചതെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് യുപി മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ സന്ദര്‍ശിക്കാതെ ഒഴിവാക്കിയത് ഇപ്പോള്‍ വിവാദമായിട്ടുണ്ട്.
പ്രക്ഷോഭത്തിനിടെ പരിക്കേറ്റ മറ്റ് സമുദായങ്ങളിലുള്ളവരെ മന്ത്രി സന്ദര്‍ശിച്ചെങ്കിലും കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് ഒഴിവാക്കി. പ്രക്ഷോഭത്തിനിടെ പരിക്കേറ്റ ഓം രാജ് സെയ്നി എന്നയാളുടെ നെഹ്തോറിലെ വീടാണ് മന്ത്രി സന്ദര്‍ശിച്ചത്. അതേ പ്രദേശത്താണ് കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ പേര്. മന്ത്രി ഇവരെ ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam