പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് 1500 സ്മാർട്ട് വീടുകൾ, സൗജന്യമായി നിർമ്മിച്ചു നൽകാൻ പദ്ധതി റെഡി

Published : Sep 18, 2025, 10:54 PM IST
Smart Homes for Pahalgam Victims

Synopsis

പഹൽഗാം ഭീകരാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ നിർമ്മിച്ചു നൽകും. മുൻകാല ഭീകരാക്രമണങ്ങളിലെയും സമീപകാല പ്രളയത്തിലെയും ഇരകളെയും ഉൾപ്പെടുത്തുന്നതാണ് പദ്ധതി

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് ജമ്മു കശ്മീർ സർക്കാർ സൗജന്യമായി പുതിയ വീടുകൾ നിർമ്മിച്ചു നൽകും. 1500 വീടുകളാണ് ഇപ്രകാരം സൗജന്യമായി നിർമ്മിക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജമ്മു കശ്മീർ ഗവൺമെന്‍റ് എച്ച് ആർ ഡി എസ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ധൂറിലൂടെ കനത്ത തിരിച്ചടി നൽകിയ കേന്ദ്ര സർക്കാർ ഭീകരാക്രമണത്തിൽ മുറിവേറ്റവരുടെ കണ്ണീരൊപ്പുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകാനുള്ള ബൃഹദ് പദ്ധതി ആവിഷ്‌കരിച്ചത്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.

702 ചതുരശ്ര അടിയിൽ ആധുനിക സാങ്കേതിക മികവിൽ 3 ബെഡ്‌റൂം സ്മാർട് വീടുകൾ

ജമ്മുകാശ്മീർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ സർക്കാരിന് വേണ്ടി ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ഐ എ എസ്, കാശ്മീർ അഡീഷണൽ കമ്മീഷണർ ആൻഷുൽ ഗാർഗ് ഐ എ എസ്, എച്ച് ആർ ഡി എസ് ഇന്ത്യക്ക് വേണ്ടി സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. 702 ചതുരശ്ര അടിയിൽ ഇരുനിലകളിലായി ആധുനിക സാങ്കേതിക മികവിൽ മൂന്ന് ബെഡ്‌റൂം സ്മാർട് വീടുകളാണ് നിർമ്മിക്കുന്നത്. സൗജന്യ ഇന്റർനെറ്റ്, ആരോഗ്യ - വിദ്യാഭ്യാസ ബോധവത്കരണം, ശുചിത്വ പരിശീലനം എന്നിവയും എച്ച് ആർ ഡി എസ് ഇന്ത്യ ഉറപ്പാക്കും. ബി എസ് എൻ എല്ലിന്റെ സഹകരണത്തോടെയാണ് ഇന്റർനെറ്റ്, ഡിജിറ്റൽ സൗകര്യങ്ങൾ സജ്ജമാക്കുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ വീടുകൾ സൗജന്യമായി പെയിന്റ് ചെയ്യും. സന്നദ്ധ പ്രവർത്തകർ ഓരോ മാസവും ഗുണഭോക്തൃ വീടുകൾ സന്ദർശിച്ച് സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറും. വീടുകൾക്ക് 30 വർഷത്തെ ഗ്യാരന്‍റിയും നൽകും.

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും

ഗുണഭോക്താക്കളെ ഡിവിഷണൽ കമ്മീഷണർമാരും എച്ച് ആർ ഡി എസും ചേർന്ന് തിരഞ്ഞെടുക്കും. പഹൽഗാമിന് മുമ്പ് 1947 മുതൽ നടന്ന ഭീകരാക്രമണങ്ങളും സായുധ സംഘടനങ്ങളും മൂലം വീടുകൾ നശിച്ചുപോയവരെയും ജമ്മു കശ്മീരിലെ സമീപകാല പ്രളയത്തിൽ വീടുകൾ തകർന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ചടങ്ങിൽ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷനായിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. മൻദീപ് കെ ഭണ്ഡാരി, ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ഐ എ എസ്, കാശ്മീർ അഡീഷണൽ കമ്മീഷണർ ആൻഷുൽ ഗാർഗ് ഐ എ എസ്, എച്ച് ആർ ഡി എസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ, എച്ച് ആർ ഡി എസ് ഇന്ത്യ അഡ്മിനിസ്ട്രേറ്റർ സരിത പി മേനോൻ, സി എസ് ആർ വിഭാഗം ഡയറക്ടർ ജി സ്വരാജ് കുമാർ, ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ചെയർമാൻ സഞ്ജീവ് ഭട്നഗർ എന്നിവർ പ്രസംഗിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം