
ദില്ലി: ദമ്പതികളുടെ കലഹത്തെ തുടർന്ന് ബാങ്കോക്കിൽ നിന്നും മ്യൂണിക്കിലേക്ക് പോവുകയായിരുന്ന വിമാനം ദില്ലിയിൽ അടിയന്തരമായി നിലത്തിറക്കി. ലുഫ്താൻസ എയർവേഴ്സ് ആണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം പുറപ്പെട്ടതിനു പിന്നാലെ ജർമ്മൻ സ്വദേശിയായ ഭർത്താവും തായ് ലാന്റ് സ്വദേശിയായ യുവതിയും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. വിമാനത്തിലെ കാബിൻ ക്രൂവും യാത്രക്കാരും ഇടപെട്ടെങ്കിലും തർക്കം പരിഹരിക്കാനായില്ല. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാനിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. വിമാനത്തിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.