Uniform judicial code : ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Dec 24, 2021, 8:25 PM IST
Highlights

ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
 

ദില്ലി: രാജ്യത്ത് ഏകീകൃത ജുഡീഷ്യല്‍ കോഡ് (Uniform Judicial code) നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ (Supreme court) ഹര്‍ജി (Plea). അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നീതി ലഭ്യമാക്കാന്‍ സഹായകരമാകുമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. കേസ് രജിസ്‌ട്രേഷന്‍, ജുഡീഷ്യല്‍ പദപ്രയോഗങ്ങള്‍, കോര്‍ട്ട് ഫീസ് എന്നിവ ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് നിയമമന്ത്രാലയം ഹൈക്കോടതികളുമായി ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിവിധ കേസുകള്‍ക്ക് വിവിധ ഹൈക്കോടതികള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ വ്യത്യസ്തമാണ്. ഏകീകൃതമല്ലാത്തത് പൊതുജനത്തിനും അഭിഭാഷകര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുന്നു. വ്യത്യസ്ത കേസുകളെ സൂചിപ്പിക്കാനായി 25 ഹൈക്കോടതികളും വ്യത്യസ്ത പ്രയോഗങ്ങളാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചു.
 

click me!