
മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിൽ, മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പുമായി ഡിവൈഎഫ്ഐ നേതാവ് പി.എം. ആർഷോ. പി.കെ. ശശിയെ സിപിഎം പുറത്താക്കിയതുമായി ബന്ധിപ്പിച്ചായിരുന്നു ആർഷോയുടെ കുറിപ്പ്. 2026 മാർച്ച് 5. നാടുവാഴിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അനന്തരാവകാശികൾ തോറ്റ ദിനം. ഇന്ത്യക്കാരാകെ മധുരം നുണയുമ്പോൾ ഞങ്ങൾ മണ്ണാർക്കാട്ടുകാർക്കിന്നിരട്ടി മധുരം. ഏട്ടന്റെ കാലം കഴിഞ്ഞു ഇനി ചേട്ടന്റെ കാലം.
ചേട്ടാ- എന്നായിരുന്നു ആർഷോയുടെ കുറിപ്പ്. കഴിഞ്ഞ കുറച്ച് കാലമായി സിപിഎമ്മുമായി ഇടഞ്ഞുനിന്ന ശശി, കഴിഞ്ഞ ദിവസം വിമതരുടെ യോഗം സമ്മേളനം വിളിച്ചുചേർത്തതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്തായത്. തുടർന്ന് ഇരുവിഭാഗവും പരസ്പര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആർഷോയെ കടുത്ത ഭാഷയിലാണ് ശശി വിമർശിച്ചത്. പിന്നാലെയാണ് കുറിപ്പുമായി ആർഷോയും രംഗത്തെത്തിയത്.
രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വിറച്ചെങ്കിലും വീഴാതെ ഇന്ത്യ ഫൈനലില്‍. 89 റൺസെടുത്ത സഞ്ജു സാംസന്റെ മികവിൽ ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ജേക്കബ് ബെഥേലിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും 7 റണ്‍സകലെ പൊരുതി വീണു. നാലാമനായി ഇറങ്ങി 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. 35 റണ്‍സെടുത്ത വില്‍ ജാക്സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യൻ ആരാധകരുടെ മനസില്‍ തീ കോരിയിട്ടെങ്കിലും അവസാന മൂന്നോവറില്‍ ഇന്ത്യ എറിഞ്ഞു പിടിച്ചു. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്‍റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയറ്റു. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ ആര്‍ച്ചര്‍ക്കും ഓവര്‍ടണും കഴിഞ്ഞുള്ളു. നാലാം പന്തില്‍ വൈഡ് വഴങ്ങിയ ദുബെ അവസാന മൂന്ന് പന്തിലും സിക്സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ട് വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 253-7, ഇംഗ്ലണ്ട് 20 ഓവറില്‍ 246-7.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam