ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

By Web TeamFirst Published May 1, 2019, 3:02 PM IST
Highlights

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ പതിനഞ്ച് സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 

ദില്ലി: മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ പതിനഞ്ച് സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത് . സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ  തുടരുകയാണ്.  

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് റേഞ്ച് ഡിഐജി പ്രതികരിച്ചു.

ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്‍റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. 

click me!