
ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കിയ പ്രധാനമന്ത്രി ഉപയോഗിച്ചത് പേപ്പര്‍ നോട്ടുകള്‍. രാജ്യം ഏറെ അഭിമാനത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രസംഗമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. 83 മിനിറ്റോളം അദ്ദേഹത്തിന്‍റെ പ്രസംഗം നീണ്ടു. സുപ്രധാനമായ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. പഞ്ച് പ്രാൺ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തില്‍ നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാനം കൊള്ളണം. പൗരധർമ്മം പാലിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. കുടുംബ രാഷട്രീയവും അഴിമതിയുമാണ് രാജ്യത്തിന്‍റെ പ്രധാന പ്രശ്നങ്ങൾ. ഇത് തൂത്തെറിയപ്പെടണം. ഇതിന് രാജ്യം ഒപ്പം നിൽക്കണം.
ത്രിവർണ്ണ തലപ്പാവ്, വെളള കുർത്ത, നീല ജാക്കറ്റ്; ശ്രദ്ധയാകർഷിച്ച് മോദിയുടെ വസ്ത്രധാരണ
ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താൻ. ജനങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്ക്കാരത്തെ അതേപടി അനുകരിക്കേണ്ട, നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം. അങ്ങനെ തന്നെ തുടരണം. പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്കാരത്തിൽ ഊന്നിയതാണ്. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇത്.
നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു.വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിച്ചു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവടക്കം ഉള്ള മഹാന്മാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിഭജനത്തെ ഹൃദയവേദനയോടെയാണ് അനുസ്മരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam