
ദില്ലി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. പ്രധാനമന്ത്രി ഒരു 'നിറത്തെയല്ല' ഇന്ത്യയെന്ന രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യം മറക്കരുതെന്ന് ഫാറൂഖ് അബ്ദുള്ള അവിശ്വാസപ്രമേയ ചർച്ചയിൽ തുറന്നടിച്ചു.
''കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ജമ്മുകശ്മീരിലെ എല്ലാ ജനങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നതിൽ അഭിമാനിക്കുന്നവരാണ്. ഹിന്ദുവിഭാഗത്തോട് മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ, സിഖ് അടക്കമുള്ള ഇന്ത്യയിൽ ജിവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളോടും പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു നിറത്തെ മാത്രമല്ല, ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്നതെന്നും ഫാറൂഖ് അബ്ദുള്ള ഓര്‍മ്മിപ്പിച്ചു.
'ഞങ്ങളെ പാകിസ്ഥാനികളെന്ന് വിളിക്കരുത്. ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങളുടെ സ്നേഹമാണ് രാജ്യത്തെ ഒന്നാക്കി നിർത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്ര കശ്മീരി പണ്ഡിറ്റുകളെ കേന്ദ്രം തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം ചോദിച്ചു. എന്ത് ടൂറിസവും വികസനവുമാണ് കശ്മീരില്‍ നടക്കുന്നതെന്ന് ചോദിച്ച ഫറൂഖ് അബ്ദുള്ള, വെറുപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതേ സമയം, പാർലമെന്‍റിൽ മണിപ്പൂരിനായുള്ള അവിശ്വാസ പ്രമേയത്തില്‍ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഏറ്റുമുട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവിശ്വാസമെന്ന് കുറ്റപ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹൈക്കോടതിയുടെ പരാമർശമാണ് മണിപ്പൂരിലെ കലാപത്തിന് തീ പകർന്നതെന്ന് കുറ്റപ്പെടുത്തി. മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണെന്നും മോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദർശിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
അവിശ്വാസ പ്രമേയ ചർച്ചയില്‍ കഴിഞ്ഞ 9 വർഷത്തെ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുമാണ് അമിത് ഷാ സംസാരിച്ചത്. രാഹുല്‍ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ രാഷ്ട്രീയ നാടകമെന്ന് പരിഹസിച്ച അമിത് ഷാ, മുഖ്യമന്ത്രി ബീരേൻ സിങിനെ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും കേന്ദ്രവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
''സ്തീകളെ നഗ്നരാക്കി നടത്തിയ വീഡിയോയെ കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നില്ല''. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അക്രമികളെ തിരിച്ചറിഞ്ഞ് പിടികൂടിയെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ മുന്നണിക്കെതിരെയും യുപിഎ ഭരണകാലത്തെ അഴിമതികളെ കുറിച്ചും അവിശ്വാസ പ്രമേയ ചർച്ചയില്‍ പരാമർശങ്ങള്‍ നടത്തി അമിത് ഷാ പ്രതിപക്ഷത്തെ നേരിട്ടു.
തന്‍റെ പ്രസംഗം അദാനിയെ കുറിച്ചാണോയെന്ന ഭയം ബിജെപി നേതാക്കൾക്ക് വേണ്ടെന്ന പരിഹാസത്തോടെയാണ് രാഹുല്‍ഗാന്ധി അവിശ്വസ പ്രമേയത്തിലെ പ്രസംഗം തുടങ്ങിയത്. ബിജെപിയുടെ രാഷ്ട്രീയം മണിപ്പൂരിനെ മാത്രമല്ല ഹിന്ദുസ്ഥാനെ തന്നെയാണ് കൊലചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാവണൻ മേഘനാഥനെയും കുംഭകർണനെയും മാത്രമാണ് കേട്ടിരുന്നത്. അതുപോലെ മോദിയും അമിത് ഷായേയും അദാനിയേയും മാത്രമേ കേള്‍ക്കുന്നുള്ളുവെന്നും രാഹുല്‍ പരിഹസിച്ചു.
'പാർലമെന്റ് ചർച്ച പോലും ചെയ്യാത്ത ഏക സിവിൽ കോഡിനെതിരെ പ്രമേയം': രൂക്ഷ പ്രതികരണവുമായി ബിജെപി