
ദില്ലി: ലോക്സഭയിൽ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചക്കിടെ കൊടിക്കുന്നിൽ സുരേഷ് എം പിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനം. കൊടിക്കുന്നില്‍ സുരേഷ് സീനിയർ ആണെങ്കിലും അവിശ്വാസ പ്രമേയ നടപടി അറിയില്ലെന്നാണ് അമിത് ഷാ വിമർശിച്ചത്. പ്രതിപക്ഷത്തെയും അമിത് ഷാ പ്രസംഗത്തിനിടെ വിമർശിച്ചു. പ്രതിപക്ഷം യഥാർത്ഥ പ്രശ്നങ്ങളല്ല ഉയർത്തുന്നതെന്നും അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നുമാണ് ഷാ പറഞ്ഞത്. ജനങ്ങൾക്ക് മോദിയില്‍ പൂർണ വിശ്വാസം ഉണ്ട്. ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും കള്ളങ്ങൾ നിറച്ചതാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയമെന്നും ഷാ അഭിപ്രായപ്പെട്ടു.
അമിത് ഷായുടെ വാക്കുകൾ
മോദിക്കും സർക്കാരിനുമുള്ള അംഗീകാരമായാണ് രണ്ടാമതും ജനങ്ങള്‍ തെരഞ്ഞെടുത്തത്. അഴിമതിയും കുടുംബ വാഴ്ചയും ഇന്ത്യ വിടണം. മോദി വികസനത്തിന്‍റെ രാഷ്ട്രീയമാണ് കൊണ്ടുവന്നത്. യു പി എയുടെ ചരിത്രം അഴിമതിയുടെതാണ്. ജനങ്ങൾ എല്ലാ കാണുന്നുണ്ട്, അറിയുന്നുണ്ട്. നിർണായക നിരവധി തീരുമാനങ്ങൾ സർക്കാർ രാജ്യ പുരോഗതിക്കായി എടുത്തു. 9 വർഷത്തിനിടെ 50 നിർണായക തീരുമാനങ്ങളെടുത്തു. മോദി കോടികണക്കിന് സാധാരണക്കാരന്‍റെ വീടുകളില്‍ കുടിവെള്ളമെത്തിച്ചു. യു പി എ സർക്കാർ കടം എഴുതി തള്ളുമെന്ന് വാഗ്ദാനം നല്കി. തങ്ങൾ ലോൺ ആവശ്യമില്ലാത്ത സാഹചര്യമൊരുക്കാന്‍ ശ്രമിച്ചു. ജി എസ് ടി നടപ്പാക്കി. കർഷകർക്ക് സഹായങ്ങൾ നല്കി. കൊവിഡ് കാലത്ത് വാക്സിന്‍ ഉറപ്പാക്കി. ലോക്ഡൌൺ കാലത്ത് സാധാരണ ജനങ്ങൾ എന്തു ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു. എല്ലാവർക്കും സൗജന്യ ധാന്യം ഉറപ്പാക്കി. യു പി എ രാജ്യത്തിന് നല്കിയത് എഴുപതിനായിരം കോടിയുടെ കടമാണ്. മോദി സർക്കാർ രണ്ട് ലക്ഷത്തി നാല്പതിനായിരം കോടി ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കി. പ്രതിപക്ഷം എന്തിനാണ് ജന്‍ധന്‍ അക്കൗണ്ടിനെ എതിർക്കുന്നത്, ഒരു രൂപയില് 15 പൈസ മാത്രമാണ് ജനങ്ങളിലേക്കെത്തുന്നത് എന്ന് രാജീവ് ഗാന്ധി പറഞ്ഞു, ഇപ്പോൾ എല്ലാ പണവും ജനങ്ങളിലേക്കെത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം