'പ്രധാനമന്ത്രിക്ക് മാങ്ങയെ കുറിച്ച് പറയാൻ സമയമുണ്ട്, 18.5 ലക്ഷം കുട്ടികളുടെ ആശങ്കയിൽ മൗനം': സിബിഎസ്ഇയുടെ കൂടുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി

Published : Jun 01, 2026, 02:38 PM IST
Rahul Gandhi

Synopsis

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' ടെൻഡറിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രൊഫഷണൽ സ്കാനറുകൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' (OSM) മൂല്യനിർണ്ണയത്തിനായുള്ള ടെൻഡർ നടപടികളിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ സ്കാൻ ചെയ്തതെന്ന പുതിയ ആരോപണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കുമെതിരെ രംഗത്തെത്തിയത്. ഡിജിറ്റൽ മൂല്യനിർണയത്തിലെ വീഴ്ചകൾക്കെതിരെ പരസ്യമായി രംഗത്തുവന്ന വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്, രാഹുൽ ഗാന്ധിയുടെ പ്രതികരണം. മാമ്പഴത്തെ കുറിച്ച് പറയുന്ന പ്രധാനമന്ത്രി, 18.5 ലക്ഷം കുട്ടികളുടെ ആശങ്കകളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മൻ കി ബാത്തിൽ പ്രധാനമന്ത്രി മാമ്പഴത്തെ കുറിച്ച് പരാമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ടെൻഡർ നടപടികളിലെ പ്രധാന സാങ്കേതിക നിബന്ധനകളിൽ ഇളവ് വരുത്തിക്കൊണ്ട് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്നും ഇവരാണ് ഉത്തര കടലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതെന്നും രാഹുൽ ഗാന്ധി എക്സിൽ ആരോപിച്ചു. 2025 മേയിലെ സിബിഎസ്ഇ ടെൻഡർ പ്രകാരം കുറഞ്ഞത് 300 ഡിപിഐ റെസല്യൂഷനിൽ, ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കണമായിരുന്നു. എന്നാൽ ഓഗസ്റ്റിൽ വീണ്ടും പുറത്തിറക്കിയ ടെൻഡറിൽ ഈ നിബന്ധനകളെല്ലാം സിബിഎസ്ഇ ഒഴിവാക്കുകയായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു പ്രത്യേക കമ്പനിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് ബോർഡ് ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തിയതെന്നും ഇതോടെ ഈ അഴിമതിയിൽ സിബിഎസ്ഇയും പങ്കാളിയായി മാറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സ്കാനറുകളുടെ ഗുണനിലവാരവും റെസല്യൂഷനും 200 ഡിപിഐ ആയി കുറച്ചതിന്റെ അനന്തരഫലമാണ് മങ്ങിയ കോപ്പികളും വിട്ടുപോയ പേജുകളുമെന്നും ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ച് പന്താടിയ ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

നിസാർഗ അധികാരി എന്ന 19 വയസ്സുകാരനായ എത്തിക്കൽ ഹാക്കർ ഒഎസ്എം പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ സ്ക്രീൻ ഷോട്ടുകൾ സഹിതം പുറത്തു വിട്ടതോടെയാണ് വിവാദം ശക്തമായത്. ഇന്‍റർനെറ്റിലുള്ള ആർക്കും ഈ പോർട്ടലിൽ കയറി വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാനാകുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേഗതയും സുതാര്യതയും വർദ്ധിപ്പിക്കാൻ സിബിഎസ്ഇ കൊണ്ടുവന്ന ഡിജിറ്റൽ സംവിധാനം ഇപ്പോൾ വലിയൊരു വിശ്വാസ്യതാ പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ മങ്ങിയ സ്കാനുകൾ, മൂല്യനിർണ്ണയം നടത്താത്ത പേജുകൾ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് എന്നിവ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ 88.39 ശതമാനത്തിൽ നിന്ന് ഇത്തവണ പന്ത്രണ്ടാം ക്ലാസിലെ വിജയം 85.2 ശതമാനമായി കുറയുകയും ചെയ്തു. ദില്ലിയിൽ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് മറ്റൊരാളുടേതാണെന്ന് ബോധ്യപ്പെടുകയും പിന്നീട് സിബിഎസ്ഇക്ക് അത് തിരുത്തി നൽകേണ്ടി വരികയും ചെയ്തു. റീ-ഇവാലുവേഷൻ പോർട്ടൽ തുടർച്ചയായി തകരാറിലായത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൂടുതൽ ദുരിതത്തിലാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയൽവാസിയുടെ വീട്ടിൽ കലഹം, ദൃശ്യം ലഭിക്കാൻ ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിന്ന് വയോധികന്റെ സാഹസികത, വിമർശനം
ഗർഭിണിയായ ഭാര്യ കാറിൽ, ഗവർണർക്ക് പോകാനായി അരമണിക്കൂർ ഗതാഗത നിയന്ത്രണം, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവാവ്