
ബെംഗളൂരു: ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങി. കാർ കുടുങ്ങിയത് വിഐപി വാഹന വ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവാവ്. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡിൽ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്നാണ് യുവാവും ഗർഭിണിയായ ഭാര്യയും റോഡിൽ കുടുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്. ബെംഗളൂരുവിൽ വിഐപി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയന്ത്രണങ്ങൾ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെയും ഒരു പൊതുപ്രവർത്തകന്റെയോ രാഷ്ട്രീയക്കാരന്റെയോ അല്ല, മറിച്ച് ഒരു സാധാരണക്കാരന്റെ ശക്തമായ പ്രതിഷേധം. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡിൽ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്ന്, ഗർഭിണിയായ തന്റെ ഭാര്യ കാറിനുള്ളിൽ കുടുങ്ങിയതിൽ പ്രകോപിതനായ ഒരു യുവാവാണ് റോഡിലിരുന്ന് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്.
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. നിലവിൽ ഈ റോഡിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പൊലീസ് ഏതാണ്ട് 30 മിനിറ്റോളം പൂർണ്ണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ തങ്ങളുടെ വാഹനം തടഞ്ഞുവെച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, സഹികെട്ട യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
A frustrated husband sat on the road in protest after traffic was stopped to create a corridor for the movement of Karnataka Governor's convoy. Refusing to get up, he told police officers that his pregnant wife had been waiting inside their car while traffic remained stalled. pic.twitter.com/IuZDQRt6Kb
— Deepak Bopanna (@dpkBopanna) June 1, 2026
റോഡിലിരുന്ന യുവാവിനെ മാറ്റാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ഭാര്യ ഗർഭിണിയാണെന്നും വിഐപിയുടെ സൗകര്യത്തിന് നൽകുന്ന പ്രാധാന്യം എന്തുകൊണ്ട് സാധാരണക്കാരുടെ അടിയന്തിര ആവശ്യങ്ങൾക്ക് നൽകുന്നില്ലെന്നും അദ്ദേഹം പൊലീസുകാരോട് ഉറക്കെ ചോദിച്ചു. സാധാരണക്കാരുടെ ജീവനും സൗകര്യങ്ങൾക്കും എപ്പോഴാണ് വിലയുണ്ടാവുക എന്ന് യുവാവ് ഉദ്യോഗസ്ഥരോട് തർക്കിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ഹൊയ്‌സാല പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസുകാരുമായി ഏറെ നേരം തർക്കിച്ച ശേഷവും ബദൽ മാർഗ്ഗങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സിലായതോടെ, ഒടുവിൽ ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ വഴി നൽകിക്കൊണ്ട് യുവാവ് റോഡിൽ നിന്നും എഴുന്നേറ്റു മാറി. ഭാര്യയെ പിന്നീട് ആശുപത്രിയിലെത്തിച്ചതായാണ് വിവരം.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ. വിഐപി സംസ്കാരത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പ്രമുഖരും സാധാരണക്കാരായ നെറ്റിസൺസും രംഗത്തെത്തി. വിഐപികളുടെ സുരക്ഷയും സൗകര്യവും സാധാരണക്കാരുടെ, പ്രത്യേകിച്ച് രോഗികളുടെയും ഗർഭിണികളുടെയും ജീവനെ പണയപ്പെടുത്തിക്കൊണ്ടാകരുത് എന്നാണ് രൂക്ഷമാവുന്ന വിമർശനം. വിവാദമായതിനെത്തുടർന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവൻ ഭീമാ നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിനാണ് അന്വേഷണ ചുമതല. എച്ച്എഎൽ എയർപോർട്ട് മുതൽ സംഭവം നടന്ന സ്ഥലം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും, ആരോപിക്കുന്നത് പോലെ വിഐപി മൂവ്മെന്റിനായി 30 മിനിറ്റോളം വാഹനങ്ങൾ തടഞ്ഞിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam