
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് (Uttarpradesh Election) പടിവാതില്ക്കല്‍ നില്‍ക്കേ ഉത്തര്‍പ്രേദശിലെ പ്രചാരണത്തില്‍ കളം നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും (Rahul Gandhi) . മുഖ്യമന്ത്രി സ്ഥാനത്ത് ജനങ്ങള്‍ വീണ്ടും യോഗി ആദിത്യനാഥിനെ (Yogi Adityanath) ആഗ്രഹിക്കുകയാണെന്നവകാശപ്പെട്ട നരേന്ദ്രമോദി വികസനത്തില്‍ ഉത്തര്‍പ്രദേശിനെ ഒന്നാംസ്ഥാനത്തെത്തിക്കുമെന്ന് പറഞ്ഞു. ഗംഗയില്‍ മുങ്ങിയ പ്രധാനമന്ത്രി വിലക്കയറ്റത്തെ കുറിച്ചും തൊഴില്ലായ്മയെ കുറിച്ചും ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപി പരാജയം മണത്തു കഴിഞ്ഞെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും (Akhilesh Yadav) പറഞ്ഞു.
കൊവിഡ് പ്രതിസന്ധി, ലഖിംപൂര്‍ ഖേരി തുടങ്ങിയ വിഷയങ്ങളിലെ ജനരോഷം ശമിപ്പിക്കാന്‍ വന്‍ കിട പദ്ധതികളുടെ പ്രഖ്യാപനം, ശിലാസ്ഥാപനം തുടങ്ങിയവയൊക്കെയായി ബിജെപിക്കായി ഉത്തര്‍പ്രദേശില്‍ നിറഞ്ഞു നില്‍ക്കുന്നത് മോദി തന്നെ. 36, 230 കോടി രൂപയുടെ ഗംഗാ എക്സ്പ്രസ് വേക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി ഉത്തര്‍പ്രേദശിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആവര്‍ത്തിച്ചു. ക്രമസമാധാനം തകര്‍ന്നതില്‍ ജനങ്ങള്‍ പലായനം ചെയ്തിരുന്ന ഭൂതകാലം സംസ്ഥാനത്തിനുണ്ടായിരുന്നെന്ന് പറഞ്ഞ മോദി, വികസനത്തിന് യോഗി തുടരണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായാണ് അമേഠിയിലേക്കുള്ള രാഹുലിന്‍റെ ഈ വരവ്. രണ്ടര വർഷത്തിനിപ്പുറവും അമേഠിക്ക് ഒരു മാറ്റവുമില്ലെന്ന് രാഹുല്‍ പറയുന്നു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളില്‍ ആഞ്ഞടിച്ച രാഹുല്‍ വിലക്കയറ്റവും, തൊഴിലില്ലായ്മയും പരിഹരിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി.
അതേ സമയം സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ തുടര്‍ച്ചയായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ ആഞ്ഞടിച്ചായിരുന്നു അഖിലേഷ് യാദവിന്‍റെ പ്രാചരണം. ബിജെപി പരാജയം മണത്ത് കഴിഞ്ഞതിന്‍റെ തെളിവാണ് അടിക്കടി ഉത്തര്‍പ്രേദശിലേക്കുള്ള മോദിയുടെ വരവെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam