യോഗ നല്ല ആരോഗ്യത്തിനും അനുകമ്പയുള്ള മനസിനും: ആശയം ഏറ്റെടുത്ത രാഷ്ട്രങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Published : Jun 21, 2023, 06:17 PM ISTUpdated : Jun 21, 2023, 06:45 PM IST
യോഗ നല്ല ആരോഗ്യത്തിനും അനുകമ്പയുള്ള മനസിനും: ആശയം ഏറ്റെടുത്ത രാഷ്ട്രങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Synopsis

യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തിന് മുന്നിലെത്തിയത്

തിരുവനന്തപുരം: ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഎൻ ആസ്ഥാനത്ത് ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. ന്യൂയോർക് മേയറും യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തിന് മുന്നിലെത്തിയത്.

യോഗാ ദിനാഘോഷത്തിനായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒൻപത് വർഷം മുൻപ് താൻ ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ച ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചു. 2020 ൽ താൻ യുഎന്നിന്റെ ആസ്ഥാനത്ത് പുതിയ മെമോറിയൽ സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. അതും യാഥാർത്ഥ്യമായി. എല്ലാ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കാര്യത്തിൽ ലഭിച്ചത്. അതിന് നന്ദി പറയുന്നു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയൽറ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാർക്കും യോഗ പരിശീലിക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാൻ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒൻപതാം വർഷവും രാജ്യ വ്യാപകമായി യോഗാ ദിനം കേന്ദ്ര സർക്കാർ വിപുലമായി ആഘോഷിച്ചു. എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും, വെല്ലുവിളികൾ യോഗയിലൂടെ മറികടക്കാമെന്നും യോഗദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന യോഗാദിനാഘോഷങ്ങളിൽ കേന്ദ്രമന്ത്രിമാർ പങ്കെടുത്തു.

വസുധൈവ കുടുംബകമെന്ന സന്ദേശമുയർത്തി രാജ്യമെങ്ങും ആഘോഷപരിപാടികൾ നടത്തി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു യോ​​ഗാദിനാഘോഷത്തിൽ പങ്കെടുത്തു. യോ​ഗ ഇന്ത്യ ലോകത്തിന് നൽകിയ അമൂല്യ സമ്മാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മധ്യപ്രദേശിലെ ജബൽപൂരിൽ 15000 പേർ പങ്കെടുത്ത യോ​ഗാദിനാഘോഷ ചടങ്ങിലാണ് ഉപരാഷ്ട്രപതി മുഖ്യാതിഥിയായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് കൊച്ചി നാവിക ആസ്ഥാനത്ത് ഐഎൻഎസ് വിക്രാന്തിൽ നടന്ന യോ​ഗ ദിനാചരണത്തിന് നേതൃത്വം നൽകി. അഗ്നിവീറുകളുടെ ആദ്യബാച്ചും യോഗയിൽ പങ്കാളികളായി. സമുദ്ര വലയമെന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വിവിധ കപ്പലുകളിലും യോഗാഭ്യാസം നടന്നു.

ലോക്സഭാ സ്പീക്കർ ഓം ബിർള പാർലമെന്റിൽ യോ​ഗാദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. ദില്ലി എയിംസിൽ നടന്ന യോ​ഗാദിനാഘോഷ ചടങ്ങിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി യോ​ഗക്ക് നേതൃത്വം നൽകി. യോ​ഗ ഇന്ത്യയുടെ സോഫ്റ്റ് പവറാണെന്ന് മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തീവണ്ടി ദുരന്തമുണ്ടായ ഒഡീഷ ബാലസോറിലെ യോ​ഗാദിനാഘോഷ ചടങ്ങിന് നേതൃത്വം നൽകി. മന്ത്രിമാരായ പീയൂഷ്​ ഗോയൽ അസമിലും സ്മൃതി ഇറാനി നോയിഡയിലും അനുരാ​ഗ് താക്കൂർ ഹിമാചൽ പ്രദേശിലും യോ​ഗാദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. ലഡാക്കില്‍ കരസേനയും യോ​ഗ ദിനം ആചരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ
ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക