പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രിയുടെ ബിഷ്ക്കെക്ക് യാത്ര

By Web TeamFirst Published Jun 13, 2019, 2:49 PM IST
Highlights

ദില്ലിയിൽ നിന്ന് പാകിസ്ഥാന്‍ വഴി ബിഷ്ക്കെക്കിൽ എത്താൻ മൂന്ന് മണിക്കൂർ മതി. എന്നാൽ ഒമാൻ ഇറാൻ വഴി ചുറ്റി എത്താൻ ഏഴര മണിക്കൂർ യാത്രയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. 

ദില്ലി: പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഷ്ക്കെക്ക് യാത്ര. ഷാങ്ഹായി ഉച്ചകോടിക്ക് പോകാൻ മോദിക്ക് ഇളവ് നല്കാമെന്ന പാകിസ്ഥാൻ ഇന്നലെ രാത്രി അറിയിച്ചെങ്കിലും കേന്ദ്രം ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതിനിടെ മോദിയെ പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ രംഗത്തു വന്നു.

ദില്ലിയിൽ നിന്ന് പാകിസ്ഥാന്‍ വഴി ബിഷ്ക്കെക്കിൽ എത്താൻ മൂന്ന് മണിക്കൂർ മതി. എന്നാൽ ഒമാൻ ഇറാൻ വഴി ചുറ്റി എത്താൻ ഏഴര മണിക്കൂർ യാത്രയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. പാകിസ്ഥാനു മുകളിലൂടെയുള്ള യാത്രയ്ക്ക് ഇളവ് ചോദിച്ചത് വിവാദമായതിനെ തുടർന്നാണ് മോദി ഒമാൻ വഴി പോകാൻ തീരുമാനിച്ചത്. 

ബിഷ്ക്കെക്കിൽ എത്തുന്ന മോദി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തില്ല എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ന് കിർഗിസ്ഥാൻ പ്രസിഡൻറ് നടത്തുന്ന അത്താഴ വിരുന്നിൽ ഇരു നേതാക്കളും ഒന്നിച്ച് പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായി 45 മിനിറ്റ് ചർച്ച മോദി നിശ്ചയിച്ചിട്ടുണ്ട്. അതിർത്തി തർക്കം പരിഹരിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റഷ്യൻ പ്രസിഡൻറ് വ്ളാഡിമി‍ർ പുട്ച്ചിനെയും മോദി കാണും. ഇതിനിടെ മോദിക്ക് ഇന്ത്യാ അമേരിക്ക ബന്ധം മെച്ചപ്പെടുത്താനാവുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ പറഞ്ഞു. മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാവും എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ആവർത്തിച്ചായിരുന്നു പോംപയോയുടെ പ്രസംഗം. 

ഈ മാസം അവസാനം പോംപയോ ദില്ലിയിലെത്തുന്നുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നല്കിയിരുന്ന ഇളവുകൾ അമേരിക്ക പിൻവലിച്ചതിനെ ചൊല്ലിയുളള തർക്കം തുടരുമ്പോഴാണ് പോംപയോ മോദിയെ പുകഴ്ത്തി രംഗത്തെത്തുന്നത്

click me!