RIP Bipin Rawat: 'ബിപിൻ റാവത്തിൻ്റെ സേവനം സമാനതകളില്ലാത്തത്, ഇന്ത്യ മറക്കില്ല ഈ സൈനികനെ' അനുശോചനവുമായി മോദി

Published : Dec 08, 2021, 07:13 PM ISTUpdated : Dec 08, 2021, 07:20 PM IST
RIP Bipin Rawat: 'ബിപിൻ റാവത്തിൻ്റെ സേവനം സമാനതകളില്ലാത്തത്, ഇന്ത്യ മറക്കില്ല ഈ സൈനികനെ' അനുശോചനവുമായി മോദി

Synopsis

കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല -  പ്രധാനമന്ത്രി നരേന്ദ്രമോദി 

ദില്ലി: ഊട്ടിയിലുണ്ടാ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും അദ്ദേഹത്തിൻ്റെ പത്നിയടക്കമുള്ളവർക്കും ആദരാജ്ഞലി അർപ്പിച്ചു രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുൽ ഗാഗന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. 

''മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത് . ഒരു യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകി. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ, പ്രതിരോധസേനകളുടെ പരിഷ്കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല'' -  പ്രധാനമന്ത്രി നരേന്ദ്രമോദി 

''ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗം സൃഷ്ടിച്ച ഞെട്ടല്ലിലും വേദനയിലുമാണ് ഞാൻ. രാജ്യത്തിന്  ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട നാല് പതിറ്റാണ്ടുകൾ മാതൃരാജ്യത്തിനായി അദ്ദേഹം നിസ്വാർത്ഥ സേവനം നടത്തി.  അസാധാരണമായ ധീരതയും വീരത്വവും കൊണ്ടാവും അദ്ദേഹം തൻ്റെ സേവനകാലം അടയാളപ്പെടുത്തുക. ജനറൽ ബിപിൻ റാവത്തിനും പത്നിക്കുമൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരേയും വേദനയോടെ ഓർക്കുന്നു. തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ മരണത്തെ പുൽകിയ അവരോരുത്തർക്കും ഇന്ത്യൻ പൗരൻമാ‍ർക്കൊപ്പം ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു''  - രാഷ്ട്രപതി രാംനാഥ് കോവിന്ദ് 

''സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തിൽ നമ്മുക്ക് നഷ്ടമായിരിക്കുന്നു. രാജ്യത്തിനാകെ വളരെ സങ്കടകരമായ ദിനമാണിത്. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനവും പ്രതിബദ്ധതയും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ഈ ദുരന്തം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു''ആഭ്യന്തരമന്ത്രി അമിത് ഷാ 

''ഇന്ന് തമിഴ്‌നാട്ടിലുണ്ടായ നിർഭാഗ്യകരമായ ഹെലികോപ്റ്റർ അപകടത്തിലുണ്ടായ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും  വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. രാജ്യത്തിന് വലിയ നഷ്ടമാണ് ജനറൽ റാവത്തിൻ്റെ മരണം. രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ ഈ സന്ദർഭത്തി നന്ദിയോടെ ഓർക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു''  - ജെപി നഡ്ഡ, ബിജെപി ദേശീയ അധ്യക്ഷൻ 

''ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നിര്യാണത്തിൽ അവരുടെ കുടുംബത്തെ ഞാൻ അനുശോചനം അറിയിക്കുന്നു.
അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിത്. ഈ പരീക്ഷണവേളയിൽ അവരുടെ കുടുംബത്തോടൊപ്പം ഞാനും ചേരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നു''
 - രാഹുൽ ഗാന്ധി 

''സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, അവരെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥർ, വ്യോമസേന ഹെലികോപ്ടറിലെ ജീവനക്കാർ  എന്നിവരുടെ അകാല വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരുടെ ജീവത്യാഗത്തിൽ ഇന്ത്യയുടെ ദുഖത്തോടൊപ്പം കേരളവും പങ്കുചേരുന്നു'' - മുഖ്യമന്ത്രി പിണറായി വിജയൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം