
അഹമ്മദാബാദ്: ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് മോദി ആവർത്തിച്ചു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർത്ഥ്യമാവുകയാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം. ചിലർ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്. ഭീകരവാദത്തിലൂടെ ആർക്കും ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. ലോകത്തെ തന്നെ ഒരു കുടുംബമായി കാണുകയാണ് വേണ്ടത്.
ഭീകരരെ നേരിടുന്നതിനിടയിൽ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അത് രാജ്യം ഒരിക്കലും മറക്കില്ല. അതിർത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നൽകുന്നത്. ചിലർ പുൽവാമ ആക്രമണത്തിൽ രാഷ്ട്രീയം കളിക്കുന്നു. പുൽവാമ രാഷ്ട്രീയ വത്കരിക്കുന്നതിൽ ദുഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.
സർദാർ വല്ലഭായി പട്ടേലിൻ്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയിൽ നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam