
ദില്ലി: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൽ നിന്നും ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നും എൻ.ഡി.എയിലെത്തിയ എം.പിമാർക്കായി നൽകിയ പ്രത്യേക പ്രാതൽ വിരുന്നിലാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. "ആരും ആശങ്കപ്പെടേണ്ടതില്ല, ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്. എൻ.ഡി.എ ഒരു വലിയ കുടുംബമാണ്, ഒപ്പമുള്ള ഓരോ ഘടകകക്ഷിയേയും ഞങ്ങൾ ചേർത്തുപിടിക്കും" എന്ന് പ്രധാനമന്ത്രി വിരുന്ന് സത്കാരത്തിനിടെ എംപിമാരോട് വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച എൻ.സി.പി (ഐ)യിലെ 20 എം.പിമാരും, ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് മാറി ഷിൻഡെ ശിവസേനയിൽ ചേർന്ന 6 എം.പിമാരുമാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. ശിവസേനയിലെ എം.പിമാരോട് മറാഠി ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. എൻ.ഡി.എയിൽ എല്ലാവർക്കും അർഹമായ ബഹുമാനവും അവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും പാർലമെന്ററി ചരിത്രവും നിയമങ്ങളും വായിച്ചു മനസ്സിലാക്കണമെന്നും പുതിയ എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയാണെങ്കിൽ നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാമെന്നും പ്രദേശത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വരുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ നിർണായക ബില്ലുകൾ പാസാക്കുന്നതിനായി എൻ.ഡി.എയുടെ അംഗബലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമത എം.പിമാർക്ക് ഭരണപക്ഷം വലിയ പിന്തുണ നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam