മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോകളിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച മൂന്ന് യുവാക്കൾ പിടിയിലായി. കോഡ് സ്കാൻ ചെയ്യുമ്പോൾ പണം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവർ ഈ കൃത്യം ചെയ്തത്. നഗരത്തിലെ മറ്റ് ചിലയിടങ്ങളിലും ഇവർ സമാനമായ കോഡുകൾ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിലായി. തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്. 19-നും 20-നും ഇടയിൽ പ്രായമുള്ളവരാണ് കേസിൽ ഉൾപ്പെട്ട മൂവരും. വാഷിമിലെ 'ജയ് ഭവാനി ഗണേശോത്സവ് മണ്ഡൽ' സംഘടിപ്പിച്ച പന്തലിലാണ് അപകീർത്തികരമായ സംഭവം നടന്നത്.
സെപ്റ്റംബർ 18-നാണ് വിഗ്രഹത്തിന്റെ പാദത്തിന് സമീപം വെച്ചിരുന്ന ക്യൂആർ കോഡ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി കോഡ് സ്കാൻ ചെയ്തു നോക്കിയ ഭാരവാഹികൾ, അത് അശ്ലീല വീഡിയോകൾ അടങ്ങിയ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്കാണ് റീഡയറക്ട് ചെയ്യുന്നതെന്ന് കണ്ടെത്തി. തുടർന്ന് മണ്ഡൽ പ്രസിഡന്റ് വാഷിം സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പന്തലിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സെപ്റ്റംബർ 17-ന് രാത്രി 11 മണിയോടെ മൂന്ന് യുവാക്കൾ രണ്ട് ബൈക്കുകളിലായി സ്ഥലത്തെത്തുന്നതും, അതിലൊരാൾ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ് സ്ഥാപിക്കുന്നതും സിസിടിവിയിൽ വ്യക്തമായി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ക്യൂആർ കോഡുകൾ സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് സമ്മതിച്ചു. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഓരോ പ്രാവശ്യവും 10 മുതൽ 15 രൂപ വരെ പ്രതികൾക്ക് ലഭിച്ചിരുന്നു. ഗണേശ പന്തലിന് പുറമെ നഗരത്തിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് മുന്നിലും പ്രമുഖ കോളേജിന് സമീപത്തും സമാനമായ ക്യൂആർ കോഡുകൾ വെച്ചിരുന്നതായി ഇവർ വെളിപ്പെടുത്തി. കേസിൽ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പണമിടപാട് നെറ്റ്‌വർക്കിനെക്കുറിച്ചും മറ്റ് സ്ഥലങ്ങളിൽ ഇത്തരത്തിൽ കോഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


