
ദില്ലി: തമിഴ്‌നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള 1400 പ്രമുഖർ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എഐ സഹായത്തോടെയായിരുന്നു മോദിയുടെ പ്രസംഗം. മോദിയുടെ പ്രസംഗം തൽസമയം എഐ സഹായത്തോടെ തമിഴിലേക്ക് വിവർത്തനം ചെയ്തു.
നിങ്ങൾ എല്ലാവരും വെറും അതിഥികൾ എന്നതിലുപരി കുടുംബത്തിലെ അംഗങ്ങളായാണ് ഇവിടെ വന്നിരിക്കുന്നത്. കാശി തമിഴ് സംഗമത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാശി തമിഴ് സംഗമത്തിൽ കർഷകർ, കലാകാരന്മാർ, മതമേലധ്യക്ഷന്മാർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Read More... 'പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്രാ ദുരിതത്തിൽ മലയാളികൾ'; തീരുമാനം മാറ്റണമെന്ന് ശിവദാസൻ
തമിഴ്‌നാട്ടിൽ നിന്ന് കാശിയിൽ വരുക എന്നതിനർത്ഥം മഹാദേവന്റെ ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് വരിക എന്നാണ്. കാശിയിലെയും തമിഴ്‌നാട്ടിലെയും ആളുകളുടെ ഹൃദയങ്ങൾ തമ്മിൽ ബന്ധമുണ്ട്. നിങ്ങൾ മടങ്ങുമ്പോൾ കാശിയുടെ സംസ്കാരവും രുചിയും ഓർമ്മകളും നിങ്ങളോടൊപ്പം കൊണ്ടുപോകണമെന്നും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തെ സംഗമം ശക്തിപ്പെടുത്തുന്നുണ്ടെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തു. ഏകദേശം 1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയിൽ താമസിച്ച ശേഷം പ്രയാഗ്‌രാജും അയോധ്യയും സന്ദർശിക്കും.