'എച്ച്എഎല്ലിനെ തകർക്കുന്നുവെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടി': പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

Published : Feb 06, 2023, 05:34 PM IST
'എച്ച്എഎല്ലിനെ തകർക്കുന്നുവെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടി': പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

Synopsis

റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു തുമകുരുവിലെ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്

ബെംഗലുരു: ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണ് തുമകുരുവിലെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടന പ്രസംഗത്തിൽ മോദി സംസാരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറിയാണ് കർണാടകയിലേത്. ഇത് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു.

'ഈ എച്ച് എ എല്ലിന്‍റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ചില്ലേ? പാർലമെന്‍റ് ദിവസങ്ങളോളം സ്തംഭിപ്പിച്ചില്ലേ? നുണ എത്ര തവണ പറഞ്ഞാലും സത്യം പുറത്തുവരും. നുണ പറഞ്ഞവരുടെ മുഖത്തേറ്റ അടിയാണീ ഫാക്ടറി,' - എന്നാണ് മോദി പ്രസംഗത്തിൽ പറഞ്ഞത്.

തുമകുരുവിലെ വിശാലമായ ഹെലികോപ്റ്റർ നിർമാണ സമുച്ചയം 615 ഏക്കറിൽ പരന്നുകിടക്കുന്നതാണ്. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ കീഴിലുള്ളതാണ് ഈ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി. 2016-ലാണ് കർണാടകയിലെ തുമകുരുവിൽ ഈ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ആറര വർഷത്തിനിപ്പുറം, ഈ ഫാക്ടറിയിൽ നിർമിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ പറക്കാൻ തയ്യാറായി. എച്ച് എ എല്ലിന്‍റെ പേരിൽ നുണ പ്രചാരണം നടത്തിയവർ സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു. 

നിലവിൽ 30 ഹെലികോപ്റ്ററുകൾ വരെ ഒരു വർഷം നിർമ്മിക്കാനുള്ള സൗകര്യം തുമകുരുവിലെ ഈ ഫാക്ടറിയിൽ തയ്യാറാണ്. ഘട്ടം ഘട്ടമായി ഇത് വർഷം 100 ആക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ആദ്യ 20 വർഷം കൊണ്ട് 3 മുതൽ 15 ടൺ വരെ ഭാരമുള്ള 1000 ഹെലികോപ്റ്ററുകൾ നിർമിക്കാനാണ് ലക്ഷ്യം. കയറ്റുമതിയിലൂടെ അടക്കം നാല് ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. തുമുകുരുവിലെ തിപ്‍തൂരിലും ചിക്കനായകഹള്ളിയിലും ജൽജീവൻ മിഷന്‍റെ കീഴിൽ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികളും ഉദ്ഘാടനം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു