ബിജെപി ജയിച്ചാൽ‌ ബ്രാഹ്മണൻ മുഖ്യമന്ത്രിയാകുമെന്ന് എച്ച് ഡി കുമാരസ്വാമി; ആരോപണം പരാജയഭീതി കൊണ്ടെന്ന് ബിജെപി

By Web TeamFirst Published Feb 6, 2023, 2:55 PM IST
Highlights

പരാജയഭീതി കൊണ്ടാണ് ജെഡിഎസ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ മറുപടി. 

ബെംഗളൂരു: കർണാടകയിൽ ബിജെപി ജയിച്ചാൽ ബ്രാഹ്മണൻ മുഖ്യമന്ത്രിയാകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച് ഡി കുമാരസ്വാമി. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ ആർഎസ്എസ് ബിജെപിക്ക് നിർദേശം നൽകിക്കഴിഞ്ഞെന്നും കുമാരസ്വാമി ആരോപിച്ചു. പരാജയഭീതി കൊണ്ടാണ് ജെഡിഎസ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ മറുപടി. 

ലിംഗായത്ത്, വൊക്കലിഗ, ദളിത്, ഗോത്ര, കുരുബ, മറ്റ് അഹിന്ദ എന്നീ വിഭാഗങ്ങൾ ചേർന്നാൽ കർണാടക ജനസംഖ്യയുടെ 76 ശതമാനമായി. വർഷങ്ങളായി ഈ വിഭാഗങ്ങളിൽ നിന്നൊരാളാണ് കർണാടകയിൽ മുഖ്യമന്ത്രിപദവി അടക്കമുള്ള താക്കോൽ സ്ഥാനങ്ങളിലെത്താറ്. ബ്രാഹ്മണർ വെറും 3% മാത്രമേ കർണാടകയിലുള്ളൂ. ഇതിലൊരാൾ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞാൽ മറ്റ് സമൂഹങ്ങൾ അടങ്ങിയിരിക്കില്ല. അതാണ് കുമാരസ്വാമി ലക്ഷ്യമിടുന്നതും.

കർണാടക വോട്ട് ബാങ്ക് ഇങ്ങനെ

ദളിതർ - 20%
ഗോത്രവിഭാഗം - 5%
മുസ്ലിം - 16%
കുരുബ - 7%
മറ്റ് ഒബിസി - 16%
ലിംഗായത്ത് - 17%
വൊക്കലിഗ - 11%
ബ്രാഹ്മണർ - 3%
ക്രിസ്ത്യൻ - 3%

തോൽക്കുമെന്ന ഭീതി കൊണ്ടാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ആരോപിച്ചു. പ്രധാനമന്ത്രിയുടെ പരിപാടികളിലും ബിജെപി കോർ കമ്മിറ്റി, നിർവാഹക സമിതി യോഗങ്ങളിലടക്കം സജീവ സാന്നിധ്യമാണ് പ്രൾഹാദ് ജോഷി. ഭരണ വിരുദ്ധവികാരത്തിലും അഴിമതിയാരോപണങ്ങളിലും വലയുന്ന ബൊമ്മൈയെ മാറ്റുമെന്ന പ്രചാരണം നേരത്തേ തന്നെ സജീവമാണ്. യെദിയൂരപ്പ വിരമിച്ചതോടെ കർണാടക ബിജെപിയിൽ ഉടലെടുത്ത നേതൃപ്രതിസന്ധിയുടെ മർമ്മത്തുള്ള അടിയാണ് കുമാരസ്വാമിയുടെ ഈ പ്രസ്താവന.
 

click me!