
ദില്ലി: പാർലമെന്‍റ് സമ്മേളനം അവസാനിക്കവേ എം പിമാരുമായി നടത്തിയ കൂടികാഴ്ചയിൽ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യങ്ങളും പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു. എന്നാൽ കേന്ദ്ര ഫണ്ടിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താൻ മലയാളം പഠിക്കുകയാണെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക പറഞ്ഞു. അതിനിടെ കൊല്ലം എം പിയായ എൻ കെ പ്രേമചന്ദ്രനെ, നരേന്ദ്ര മോദി പുകഴ്ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി അഭിപ്രായപ്പെട്ടത്.
അതേസമയം വയനാട് പുനരധിവാസത്തിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam