
ദില്ലി: കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരും ആയി ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചർച്ച. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തും. വാക്സീൻ വിതരണത്തിന് ആയി കേന്ദ്ര സർക്കാർ തയ്യാർ ആക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. 16ന് നടക്കുന്ന വാക്സിനേഷന് മുൻപായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. അതിനിടെ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാബാനർജി കൊവിഡ് വാക്സീൻ സൗജന്യമാക്കി.
കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.ഒരു മണിയോടെ കൊവിഡ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമായും കൊവിഡ് ആശുപത്രി അധികൃതരുമായും അവലോകന യോഗം ചേരും.
സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ ഉയരാനുളള സാഹചര്യം, പരിശോധന, നിരീക്ഷണം, ചികില്‍സ തുടങ്ങിയ കാര്യങ്ങൾ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊവിഡ് രോഗികളുടെ എണ്ണം ഉയരാൻ കാരണം തെരഞ്ഞെടുപ്പും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളുമാണെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കേരളത്തിന്‍റെ ചുമതലയുള്ള കേന്ദ്ര കൊവിഡ് നോഡല്‍ ഓഫിസറും ജോയിന്‍റ് സെക്രട്ടറിയുമായ മിനാജ് ആലം , സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ ഡയറക്ടര്‍ ഡോ.എസ്.കെ.സിങ് എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam