
ഗ്ലാസ്‌ഗോ: സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Modi). ഗ്ലാസ്‌ഗോയിലെ(Glasglow) പാരിസ്ഥിതിക ഉച്ചകോടിയില്‍ (UN Summit) പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ യാത്രയയക്കാന്‍ എത്തിയ സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിക്കാന്‍ കൂടിയത്. വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധിപേരാണ് മോദിയെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയത്. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സീന്‍ ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2070ഓടെ ഇന്ത്യയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി നിയന്ത്രിക്കുമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 50 ശതമാനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സീന്‍ മൈത്രിയില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡില്‍ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജി 20 ഉച്ചകോടി ചര്‍ച്ചകള്‍ വിപുലവും ഗുണപ്രദവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ജി 20 യോഗത്തില്‍ ചര്‍ച്ചയായി.
നേരത്തെ ജി 20 യോഗത്തിന് മുന്നോടിയായി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. മോദിയുടെ ക്ഷണപ്രകാരം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് സൂചനകള്‍. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam