ജെൻ സി ചിറകിലേറി ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾ; എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കും പ്രശംസയുമായി പ്രധാനമന്ത്രി

Published : Nov 28, 2025, 12:11 PM IST
Narendra Modi

Synopsis

ഇന്ത്യൻ ബഹിരകാശ മേഖലയിൽ ജെൻ സികൾ നടത്തുന്ന മുന്നേറ്റങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സ്‌കൈറൂട്ടിൻ്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യവേയാണ്, രാജ്യത്ത് 300-ൽ അധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ വളരുന്നതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചത്.

രാജ്യത്തിൻ്റെ ബഹിരാകാശ മേഖലയിൽ പുതിയ പ്രതീക്ഷ നൽകി മുന്നേറുന്ന യുവതലമുറയെ, പ്രത്യേകിച്ച് ജെൻ-സി വിഭാഗത്തിൽപ്പെട്ടവരെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. എൻജിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ എന്നീ നിലകളിൽ രാജ്യത്തിൻ്റെ ബഹിരാകാശ കുതിപ്പിന് ജെൻ സി നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസിൻ്റെ 'ഇൻഫിനിറ്റി കാമ്പസ്' ഹൈദരാബാദിൽ പ്രധാനമന്ത്രി വിർച്വലായി ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-ഐ' അനാവരണം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി ജെൻ സികളെ പ്രശംസിച്ചത്.

ബഹിരാകാശത്ത് ജെൻ സി മുന്നേറ്റം

കേന്ദ്ര സർക്കാർ ബഹിരാകാശ മേഖല സ്വകാര്യ വ്യക്തികൾക്കായി തുറന്നുകൊടുത്തതോടെയാണ് യുവതലമുറ ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നത്. ഇന്ത്യയുടെ യുവജനത രാജ്യതാൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നും അവസരങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നിലവിൽ 300-ൽ അധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. പ്രൊപ്പൽഷൻ സംവിധാനങ്ങൾ, കോമ്പോസിറ്റ് മെറ്റീരിയലുകൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ജെൻ സി വിദഗ്ധരാണ് പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നതെന്നും, ഏതാനും വർഷം മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മേഖലകളിലാണ് ഇന്ന് ഇന്ത്യൻ യുവാക്കൾ തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ $8.4 ബില്യൺ മൂല്യമുള്ള ഇന്ത്യൻ ബഹിരാകാശ വിപണി, 2033-ഓടെ അഞ്ചിരട്ടിയായി വർധിച്ച് $44 ബില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ശ്രദ്ധ നേടുന്ന സ്വകാര്യമേഖല

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശരംഗത്തെ ഉയർച്ച ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന ഒന്നായി മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകർഷിക്കുന്ന കേന്ദ്രമായി ഇന്ത്യൻ ബഹിരാകാശ മേഖല മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌കൈറൂട്ട് മാതൃക:

ഐ.ഐ.ടി. ബിരുദധാരികളും മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരുമായ പവൻ ചന്ദന, ഭരത് ഡാക എന്നിവർ സ്ഥാപിച്ച മുൻനിര സ്വകാര്യ സ്ഥാപനമാണ് സ്‌കൈറൂട്ട്.2022 നവംബറിൽ 'വിക്രം-എസ്' എന്ന ഉപ-ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച്, ബഹിരാകാശത്തേക്ക് റോക്കറ്റ് അയച്ച ആദ്യത്തെ സ്വകാര്യ ഇന്ത്യൻ സംരംഭമായി സ്‌കൈറൂട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.

സ്‌കൈറൂട്ടിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ, "പരിമിതമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇന്ത്യയുടെ ബഹിരാകാശ യാത്ര ആരംഭിച്ചതെങ്കിലും, ദൃഢനിശ്ചയം കൊണ്ട് നമ്മൾ ആഗോള തലത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തി. സ്‌കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് രാജ്യത്തിൻ്റെ പുതിയ ചിന്തയുടെയും നൂതനത്വത്തിൻ്റെയും യുവശക്തിയുടെയും പ്രതിഫലനമാണ്."

 

PREV
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്