
ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് എതിരായ പ്രതിഷേധം ബംഗാളിൽ ശക്തമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിക്കുന്നു. രാവിലെ 11 മണിക്ക് ദില്ലിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആസ്ഥാനത്തെത്തിയാണ് തൃണമൂൽ നേതാക്കൾ ആശങ്ക അറിയിക്കുന്നത്. ഇതിനായി തൃണമൂൽ എം പി ഡെറിക് ഒബ്രിയാന്‍റെ നേതൃത്വത്തിൽ ഉള്ള പ്രതിനിധി സംഘമാണ് കമ്മീഷനെ കാണുന്നത്. ബംഗാളിൽ എസ് ഐ ആർ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം എന്ന് മമത ബാനർജി നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും കമ്മീഷൻ മറുപടി കൊടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നേതാക്കളുടെ സംഘം കമ്മീഷൻ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിൽ ഏകദേശം 26 ലക്ഷം പേരുടെ പേരുകൾ 2002 ലെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ (എസ് ഐ ആർ) പ്രക്രിയയുടെ ഭാഗമായി 2006 ന് ശേഷം തയ്യാറാക്കിയ പട്ടികകളുമായി ഏറ്റവും പുതിയ പട്ടിക ക്രോസ്-വെരിഫൈ ചെയ്തപ്പോഴാണ് ഈ പ്രശ്നം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ സംസ്ഥാനത്തെ ആറ് കോടിയിലേറെ എണ്ണൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്തതായി കമ്മീഷൻ അറിയിച്ചു. ഡിജിറ്റൈസ് ചെയ്ത ഫോമുകൾ ഇനി മാപ്പിംഗ് പ്രക്രിയയ്ക്ക് വിധേയമാക്കും. അവയെ പഴയ എസ് ഐ ആർ രേഖകളുമായി താരതമ്യം ചെയ്യുന്നതോടെ പൊരുത്തക്കേടുകളുടെ കണക്ക് ഇനിയും ഉയരാനിടയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2002 ൽ അവസാനമായി സമാഹരിച്ച എസ് ഐ ആർ രേഖകളുമായി ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ക്രോസ്-വെരിഫിക്കേഷൻ ചെയ്യുന്നതിനെയാണ് മാപ്പിങ് എന്ന് പറയുന്നത്. ഈ വർഷം മറ്റ് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികകളും മാപ്പിംഗിൽ ഉൾപ്പെടുത്തതോടെ പരിശോധന കൂടുതൽ കർശനമായി. എന്നാൽ ഈ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നത് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഈ പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
അതിനിടെ കേരളത്തിലെ എസ് ഐ ആർ സമയക്രമം മാറ്റില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി. ബി എൽ ഒമാരുടെ പരിശീലനക്കുറവ് പരിഹരിക്കുമെന്നും പ്രവാസി വോട്ടര്‍മാരുടെ ആശങ്ക അകറ്റാൻ യോഗം വിളിക്കണമെന്ന് നോര്‍ക്കയോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.