
ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ലോക്സഭയിൽ ഇന്ന് മറുപടി നൽകും. പത്തു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയാണ് ലോക്സഭയിൽ നടന്നത്. രാജ്യസഭയിൽ മറുപടി നൽകുമ്പോൾ കാർഷിക ബില്ലുകൾ പിൻവലിക്കില്ലെന്ന സൂചന പ്രധാനമന്ത്രി നൽകിയിരുന്നു. സമരജീവി എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ലോക്സഭയിലെ ചർച്ചയിൽ പ്രതിപക്ഷം ആഞ്ഞടിച്ചു.
സ്വാതന്ത്ര്യസമരസേനാനികളെ ഉൾപ്പടെ പ്രധാനമന്ത്രി അപമാനിച്ചു എന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അതിനിടെ കാർഷിക നിയമങ്ങൾ മരവിപ്പിക്കാം എന്ന കൃഷിമന്ത്രിയുടെ നിലപാടിനെതിരെ എൻകെ പ്രേമചന്ദ്രൻ അവകാശലംഘന പ്രമേയത്തിന് അനുമതി തേടി.
കർഷക സമരം ബിജെപിക്കെതിരെ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം. ഉത്തർപ്രദേശിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന കിസാൻ പഞ്ചായത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. സഹാറൻപൂരിൽ ഉച്ചക്ക് രണ്ട് മണിക്കാണ് പരിപാടി. ശനിയാഴ്ച ബിജ്നോറിലും മുസഫർനഗറിലും കർഷകരുമായി പ്രിയങ്ക സംവദിക്കും. വെള്ളിയാഴ്ച രാജസ്ഥാനിൽ നടക്കുന്ന രണ്ട് കർഷക റാലികളിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.
അതേസമയം ചെങ്കോട്ട സംഘർഷത്തിൽ ദീപ് സിദ്ദുവിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. ഒളിവിലുള്ള ഗുണ്ടാനേതാവ് ലക്കാൻ സാധനയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam