സൊമാലിയയില്‍ ഭര്‍ത്തൃവീട്ടുകാര്‍ തടവിലാക്കിയ ഇന്ത്യന്‍ യുവതിയെ പ്രധാനമന്ത്രി ഇടപെട്ട് മോചിപ്പിച്ചു

By Web TeamFirst Published Apr 2, 2019, 10:40 AM IST
Highlights

മാര്‍ച്ച് 28ന് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അഫ്രീനെയും മക്കളെയും നാട്ടിലെത്തിക്കാന്‍ സൊമാലിയന്‍ നിയമപ്രകാരം അനുമതി ഇല്ലായിരുന്നു. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യക്ക് കുട്ടികളെയും കൊണ്ട് വിദേശത്തേക്ക് പോകാനാവില്ലെന്നാണ് അവിടുത്തെ നിയമം.
 

ദില്ലി: സൊമാലിയയില്‍ വീട്ടുതടങ്കലിലായിരുന്ന ഹൈദരാബാദ് സ്വദേശിനിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെത്തുടര്‍ന്ന് മോചനം. അഫ്രീന്‍ ബീഗം എന്ന 31കാരിയെയും അവരുടെ മൂന്ന് മക്കളെയുമാണ് മോചിപ്പിച്ചത്. 

ഹൈദരാബാദിലെ ബഷാറത്ത് നഗര്‍ സ്വദേശിനിയായ അഫ്രീന്‍ ബീഗം 2013ലാണ് മുഹമ്മദ് ഹുസൈന്‍ ഡ്യൂലെ എന്നയാളെ വിവാഹം ചെയ്തത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദിന്റെ കുടുംബം സൊമാലിയയില്‍ സ്ഥിരതാമസക്കാരാണ്. 2018 ജൂലൈയിലാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കണമെന്ന് പറഞ്ഞ് ഇയാള്‍ അഫ്രീനെയും കുട്ടികളെയും കൊണ്ട് സൗമാലിയയിലേക്ക് പോയത്. തുടര്‍ന്ന് എട്ട് മാസത്തേക്ക് അഫ്രീന്റെ കുടുംബത്തിന് ഇവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് അയല്‍ക്കാരിയുടെ സഹായത്തോടെ അഫ്രീന്‍ വാട്‌സ്ആപ് വഴി വിളിച്ചതോടെയാണ് കാര്യങ്ങള്‍ വീട്ടുകാര്‍ക്ക് മനസ്സിലായത്. തന്നെയും കുട്ടികളെയും ഭര്‍ത്തൃവീട്ടുകാര്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അഫ്രീന്‍ സ്വന്തം വീട്ടുകാരെ അറിയിക്കുകയായിരുന്നു. 

വിദേശകാര്യ മന്ത്രാലയത്തിന് അഫ്രീന്റെ പിതാവ് പരാതി നല്‍കിയതോടെ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. സൊമാലിയയില്‍ ഇന്ത്യക്ക് എംബസിയില്ല. നെയ്‌റോബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് അഫ്രീനെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്. സൊമാലിയന്‍ പോലീസിന്റെ കൂടി സഹായത്തോടെയായിരുന്നു അഫ്രീനെ സാഹസികമായി രക്ഷപ്പെടുത്തിയത്. മുഹമ്മദിന്റെ കുടുംബം മൊഗാദിഷുവിലെ ഭൂപ്രഭുക്കന്മാരും കുപ്രസിദ്ധരുമാണ്. 

മാര്‍ച്ച് 28ന് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അഫ്രീനെയും മക്കളെയും നാട്ടിലെത്തിക്കാന്‍ സൊമാലിയന്‍ നിയമപ്രകാരം അനുമതി ഇല്ലായിരുന്നു. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യക്ക് കുട്ടികളെയും കൊണ്ട് വിദേശത്തേക്ക് പോകാനാവില്ലെന്നാണ് അവിടുത്തെ നിയമം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിഷയത്തില്‍ ഇടപെട്ടതും സൊമാലിയന്‍ അധികൃതരുമായി സംസാരിച്ച് അഫ്രീന്റെ ഇന്ത്യയിലേക്കുള്ള യാത്ര ഉറപ്പ് വരുത്തിയതും. ഇന്ന് പുലര്‍ച്ചെ അഫ്രീനും മക്കളും മുംബൈയിലെത്തി. 


 

click me!