'ഇത് പെെലറ്റ് പ്രോജക്ട്'; ശരിയായത് വരാനിരിക്കുന്നേയുള്ളുവെന്ന് മോദി

By Web TeamFirst Published Mar 1, 2019, 8:33 AM IST
Highlights

ഇപ്പോള്‍ നമ്മള്‍ ഒരു പെെലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. ശരിയായത് ഇനി വേണം സൃഷ്ടിക്കാന്‍. നേരത്തെ നടന്നത് പ്രാക്ടീസ് മാത്രമാണെന്നും മോദി പറഞ്ഞു

ദില്ലി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കുമെന്നുള്ള പാക്കിസ്ഥാന്‍റെ അറിയിപ്പ് വന്ന് മിനിറ്റുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാകുന്നു. ഇപ്പോള്‍ നടന്നത് പെെലറ്റ് പ്രോജക്ട് മാത്രമാണെന്നും ശരിയായത് വരാനിരിക്കുന്നേയുള്ളുവെന്നുമാണ് മോദി പറഞ്ഞത്.

ദില്ലിയില്‍ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ശാന്തി സ്വരൂപ് അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു മോദി പരാമര്‍ശം. തടവിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പ്രധാനമന്ത്രി ശാസ്ത്രജ്ഞന്മാരോട് പറഞ്ഞത് ഇങ്ങനെ: നിങ്ങളുടെ ഒരു ജീവതം ഒരു പരീക്ഷണശാലയാണ്. ഒരു പെെലറ്റ് പ്രോജക്ട് ഉണ്ടാക്കുകയാണ് പതിവായി നിങ്ങള്‍ ചെയ്യുക.

അതിന്‍റെ പ്രയോഗസാധ്യത നോക്കുക പിന്നീടാകും. ഇപ്പോള്‍ നമ്മള്‍ ഒരു പെെലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. ശരിയായത് ഇനി വേണം സൃഷ്ടിക്കാന്‍. നേരത്തെ നടന്നത് പ്രാക്ടീസ് മാത്രമാണെന്നും മോദി പറഞ്ഞു. ഇന്ത്യ- പാക് ബന്ധത്തിലെ ഉലച്ചിലിനെപ്പറ്റിയും ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും വേറെ ഒരു പരാമര്‍ശം പോലും മോദി ഈ ചടങ്ങില്‍ നടത്തിയിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

സമാധാന സൂചകമായിട്ടല്ലെന്നും ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലുകളാണ് അഭിനന്ദന്‍റെ മോചനം സാധ്യമാക്കിയതെന്നുമാണ് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന മറുപടികള്‍. അതേസമയം, ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. 

click me!