'കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണം', സ്വകാര്യമേഖലയ്ക്കും സുപ്രധാന പങ്കെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Mar 1, 2021, 12:08 PM IST
Highlights

ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വേണം. കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.  

ദില്ലി: കാർഷിക പരിഷ്ക്കാരങ്ങളുമായി മുന്നോട്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യമേഖലയ്ക്കും സുപ്രധാന പങ്കെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ കർഷകർ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയതെന്നും വ്യക്തമാക്കി. 

കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാൽപതിനായിരം കോടിയാക്കി. കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണന. 

സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ ആർക്കും സംശയം വേണ്ട. കാർഷിക മേഖലയിലെ മാറ്റങ്ങൾ കൂടി കർഷകർ ഉൾക്കൊള്ളണം. കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്. ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വേണം. കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

click me!