
ദില്ലി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ബത്തിൻഡ എസ് പിയെ സസ്പെൻഡ് ചെയ്തു. നേരത്തെ ഫിറോസ്പൂർ എസ് പിയായിരുന്ന ഗുർവീന്ദർ സിംഗ് സാംഗയെയാണ് പഞ്ചാബ് ഡി ജി പി സസ്പെൻഡ് ചെയ്തത്. 2022 ജനുവരി 5 ന് ആയിരുന്നു സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ 20 മിനിറ്റോളം തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവം ഗുരുതര വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തി, വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സുരക്ഷ നൽകിയില്ല, പ്രധാനമന്ത്രി വരുന്ന വഴി സംബന്ധിച്ച് രണ്ട് മണിക്കൂർ മുന്നേ തന്നെ വിവരമുണ്ടായിട്ടും പ്രതിഷേധക്കാരെ മാറ്റിയില്ല തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
പ്രചാരണ പരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് അന്ന് വലിയ പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രതിഷേധം. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഫ്ലൈ ഓവറില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവത്തോട് പ്രതികരിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചത്. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ യാത്രക്ക് തടസമുണ്ടാക്കാൻ ബോധപൂർവം ആരും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം സംഭവം സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam