
ദില്ലി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരുമെന്നാണ് റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും. ഭാഗിക ലോക്ക്ഡൗൺ ഒന്നും തത്ക്കാലം പരിഗണനയിൽ ഇല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. മെട്രോ യാത്രയും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണമെന്നും ഒരു വർഷത്തേയ്ക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം, ഭക്ഷ്യ എണ്ണ ഉപയോഗം 10% കുറയ്ക്കണം, മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം, ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണം തുടങ്ങി കർശന നിയന്ത്രണത്തിനാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുന്നതും രാജ്യസ്നേഹമാണെന്ന് പറഞ്ഞ മോദി നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. ഇതാദ്യമായാണ് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ടെന്ന സന്ദേശം മോദി നൽകുന്നത്.
അതേസമയം, ഇന്ധന വില ഉയർത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ആവശ്യമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കാതെ ജനങ്ങളെ കേന്ദ്രസർക്കാർ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam